മനഃശാസ്ത്രപരമായ ദൃശ്യഭാഷയിലൂടെ ലോക ശ്രദ്ധ നേടിയ ഹൊറർ ചിത്രം 'ദി മീഡിയ'ത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമടക്കം 71 ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്ര മേളയിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും. ഫ്രഞ്ച് ചിത്രം 'ലെറ്റ് ഇറ്റ് ബി മോർണിംഗ്', ദിനാ അമീറിന്റെ 'യു റീസെമ്പിൾ മി' എന്നിവയുടെ ആദ്യ പ്രദർശനമടക്കം എട്ടു ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ക്രൊയേഷ്യൻ ചിത്രം മുറിന, വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കൽ, കമീലിയ കംസ് ഔട്ട് ടുനൈറ്റ്, നതാലി അൽവാരസ് മെസെൻ സംവിധാനം ചെയ്ത ക്ലാരാ സോളാ, ക്യാപ്റ്റൻ വോൾക്കാനോ എസ്‌കേപ്പ്ഡ്, യൂനി എന്നീ മത്സര ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനവും ഇന്നുണ്ടാകും.
ലോക സിനിമാ വിഭാഗത്തിൽ 34 ചിത്രങ്ങളാണ് തിങ്കളാഴ്ച പ്രദർശിപ്പിക്കുന്നത്. ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ജീവിതം പ്രമേയമാക്കി പാബ്ലോ ലാറൈൻ സംവിധാനം ചെയ്ത അമേരിക്കൻ ചിത്രമായ സ്പെൻസർ, കാൻ മേളയിൽ പുരസ്ക്കാരം നേടിയ ജാപ്പനീസ് ചിത്രം ഡ്രൈവ് മൈ കാർ, അത്ഭുതങ്ങൾ പ്രവർത്തിക്കാൻ തുടങ്ങുന്ന ഒരു കുഞ്ഞിന്റെ ജീവിതം പ്രമേയമാക്കി സിൽവിയ ബ്രൂനെല്ലി സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രം ദി മിറക്കിൾ ചൈൽഡ്, ഇൽഡിക്കോ എൻയെഡിയുടെ ദി സ്റ്റോറി ഓഫ് മൈ വൈഫ്, സൊമാലിയൻ ചിത്രമായ ദി ഗ്രേവ്ഡിഗേർസ് വൈഫ് ,വൈറ്റ് ബിൽഡിംഗ് തുടങ്ങിയ ചിത്രങ്ങളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
ഫ്രഞ്ച് നാടക ചിത്രമായ പെറ്റൈറ്റ് മാമൻ, മിഗ്വേൽ ഗൊമെസ് സംവിധാനം ചെയ്ത ദി സുഗ ഡയറീസ് ,ബ്ലഡ് റെഡ് ഓക്സ് ,കോ പൈലറ്റ് തുടങ്ങിയ ആറു ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് തിങ്കളാഴ്ച നടക്കുക. റിഥ്വിക് പരീക് ചിത്രം ഡഗ് ഡഗ് ഉൾപ്പെടെ 15 ഇന്ത്യൻ ചിത്രങ്ങളാണ് തിങ്കളാഴ്ച പ്രദർശിപ്പിക്കുന്നത്. അറ്റൽ കൃഷ്ണൻ ചിത്രം വുമൺ വിത്ത് എ മൂവി കാമറ, വിഷ്ണു നാരായണൻ ചിത്രം ബനേർഘട്ട എന്നീ ചിത്രങ്ങളുടെ പ്രദർശനവും തിങ്കളാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.