വളരെ ചെറിയ ബജറ്റിലെത്തി വമ്പൻ ഹിറ്റായി മാറിയ സിനിമകൾ ഇന്ത്യൻ സിനിമയിലും ഹോളിവുഡിലുമൊക്കെ നിരവധിയുണ്ട്. സൂപ്പർ താരങ്ങളുടെ സാന്നിധ്യമില്ലാതിരുന്നിട്ടും പല റെക്കോർഡുകളും കടപുഴക്കിയ ലോ-ബജറ്റ് സിനിമകൾക്കുള്ള ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് രോമാഞ്ചവും കാന്താരയുമൊക്കെ. കർണാടകയിൽ കെ.ജി.എഫിനെ മറികടന്ന് ഇൻഡസ്ട്രി ഹിറ്റായി മാറിയാണ് കാന്താര ചരിത്രം സൃഷ്ടിച്ചത്. 70 കോടിയിലേറെ കലക്ഷൻ നേടിയ രോമാഞ്ചവും വളരെ ചെറിയ ബജറ്റിലാണ് നിർമിക്കപ്പെട്ടത്.
എന്നാൽ, ലോകത്തിലെ എക്കാലത്തെയും ഏറ്റവും ലാഭകരമായ സിനിമ ഹോളിവുഡിൽ നിന്നുള്ളതാണ്. വെറും ആറ് ലക്ഷം രൂപ മുടക്കി നിർമിച്ച് 2007-ൽ പുറത്തുവന്ന ഹൊറൽ ചിത്രമായ ‘പാരാനോർമൽ ആക്ടിവിറ്റി (Paranormal Activity)’ ബോക്സോഫീസിൽ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 13,30,000 ശതമാനം ലാഭമായിരുന്നു പാരാനോർമൽ ആക്ടിവിറ്റി നിർമാതാവിന് നേടിക്കൊടുത്തത്.
ഓറൻ പേലി എന്ന ഫിലിം മേക്കറാണ് പാരാനോർമൽ ആക്ടിവിറ്റിയുടെ നിർമാതാവ്. സ്വന്തമായി എഴുതി, ചിത്രീകരിച്ച്, സംവിധാനം ചെയ്ത ലോ ബജറ്റ് ഹൊറർ സിനിമ ചെയ്യാൻ ഓറന് പ്രചോദനമായത് 1999-ലെ ‘ദി ബ്ലെയർ വിച്ച് പ്രോജക്റ്റ്’ എന്ന ലോ ബജറ്റ് ചിത്രത്തിന്റെ വിജയമായിരുന്നു. പാരാനോർമൽ ആക്ടിവിറ്റി പിന്തുടർന്നത് ഫൗണ്ട് ഫൂട്ടേജ് ഫോർമാറ്റായിരുന്നു. അതായത്, പൂർണ്ണമായും അമച്വർ ഹാൻഡ്‌ഹെൽഡ് ക്യാമറകളിലോ സിസിടിവിയിലോ മാത്രമായിരുന്നു ‘പാരാനോർമൽ ആക്ടിവിറ്റി’ ചിത്രീകരിച്ചത്.
സിനിമയുടെ കാസ്റ്റും ക്രൂവും വെറും നാലംഗ സംഘമായിരുന്നു. അത് ബജറ്റ് 15,000 ഡോളറിലൊതുക്കാൻ (2007 ലെ വിനിമയ നിരക്ക് പ്രകാരം 6 ലക്ഷം രൂപ) സഹായിച്ചു. എന്നാൽ, പാരാമൗണ്ട് പിക്‌ചേഴ്‌സ് ചിത്രം ഏറ്റെടുത്തതിന് ശേഷം, അവസാന ഭാഗങ്ങളിൽ ചില മാറ്റങ്ങൾവരുത്തുകയും അൽപ്പം പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ചേർക്കുകയും ചെയ്തു, അത് മൊത്തം ബജറ്റ് $215,000 (90 ലക്ഷം രൂപ) ആയി ഉയർത്തി. സിനിമ വലിയ വിജയമായി മാറി. 193 മില്യൺ ഡോളറായിരുന്നു ബോക്സോഫീസിൽ നിന്ന് വാരിക്കൂട്ടിയത്. അതായത് 800 കോടിയോളം രൂപ. അതോടെ, ബജറ്റ് വെച്ച് നോക്കുമ്പോൾ ഏറ്റവും വലിയ ലാഭം നേടിയ സിനിമയായി പാരാനോർമൽ ആക്റ്റിവിറ്റി മാറി.
പാരാനോർമൽ ആക്ടിവിറ്റിയുടെ വലിയ വിജയം ഒരു ഫ്രാഞ്ചൈസിക്ക് തന്നെ രൂപം നൽകി. ചിത്രത്തിന് ആറ് സീക്വലുകളും സ്പിൻഓഫുകളും ഉണ്ടായി. പാരാനോർമൽ ആക്ടിവിറ്റി ഫ്രാഞ്ചൈസിയിലെ ഏഴ് സിനിമകൾ മൊത്തം 890 മില്യൺ ഡോളർ (7320 കോടി രൂപ), വെറും 28 മില്യൺ ഡോളർ (230 കോടി രൂപ) ബജറ്റിൽ ലോകമെമ്പാടും നേടിയിട്ടുണ്ട്. മറ്റൊരു സിനിമാ ഫ്രാഞ്ചൈസിക്കും ഇത്രയും വലിയ വിജയ നിരക്ക് ഇല്ല. പാരാനോർമൽ ആക്ടിവിറ്റിയുടെ വരവ് ഫൗണ്ട് ഫൂട്ടേജ് ഴോണറിനെ ജനപ്രിയമാക്കുകയും ചെയ്തു.
പാരനോർമൽ ആക്റ്റിവിറ്റിക്ക് മുമ്പ്, ദി ബ്ലെയർ വിച്ച് പ്രോജക്റ്റിന്റെ കൈവശമായിരുന്നു ഏറ്റവും ലാഭം നേടിയ ചിത്രത്തിന്റെ റെക്കോർഡ്. 1999-ൽ പുറത്തിറങ്ങിയ ചിത്രം 200,000 ഡോളർ (85 ലക്ഷം രൂപ) ബജറ്റിൽ നിർമ്മിക്കുകയും ലോകമെമ്പാടുമായി 243 ദശലക്ഷം ഡോളർ (1045 കോടി രൂപ) നേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.