മകൻ ജുനൈദിനെക്കുറിച്ചോർത്ത് അഭിമാനമുണ്ടെന്ന് നടൻ ആമിർ ഖാൻ. ജുനൈദ് ഖാന്റെ ആദ്യ ചിത്രമായ മഹാരാജിന് ലഭിച്ച സ്വീകാര്യതയിൽ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ മകന്റെ നേട്ടത്തിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നും ജുനൈദ് തന്നിൽ നിന്ന് ഒരു സഹായവും സ്വീകരിച്ചിട്ടില്ലെന്നും ആമിർ പറഞ്ഞു. എന്നാൽ തുടക്കത്തിൽ മകന്റെ കാര്യത്തിൽ ആശങ്കയുണ്ടായിരുന്നുവെന്നും ആമിർ കൂട്ടിച്ചേർത്തു.
'മകന്റെ ആദ്യ ചിത്രമായ മഹാരാജിന് മികച്ച സ്വീകാര്യത കിട്ടുന്നതിൽ എറെ സന്തോഷമുണ്ട്. പ്രേക്ഷകർ ജുനൈദിനെ സ്വീകരിക്കുമോ എന്ന കാര്യത്തിൽ ആദ്യമൊരു ആശങ്കയുണ്ടായിരുന്നു. അത് എന്നെ സമ്മർദ്ദത്തിലാക്കിയിരുന്നു. പിന്നീട് അതുമാറി. സിനിമക്ക് വേണ്ടി അവൻ വളരെയധികം കഷ്ടപ്പെട്ടു. എന്റെയാതൊരു സഹായവും സ്വീകരിച്ചില്ല. സ്വന്തം നിലക്ക് പ്രയത്നിച്ചാണ് ഇന്നു കാണുന്ന വിജയം നേടിയത്. അതിൽ എനിക്ക് ഒരുപാട് സന്തോഷവുമം അഭിമാനവുമുണ്ട്. അത് ഞാൻ നേരിൽ കണ്ടു'- ആമിർ ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
ജുനൈദ് മാത്രമല്ല ആമിർ ഖാന്റെ താരപദവിക്ക് പുറത്താണ് മറ്റു രണ്ട് മക്കളായ ഇറ ഖാനും ആസദ് ഖാനും ജീവിക്കുന്നത്. നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ ആമിർ മക്കൾക്ക് നൽകിയിട്ടുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് ജുനൈദ് പറഞ്ഞിരുന്നു. തങ്ങളുടെ സ്വകാര്യതയിൽ അദ്ദേഹം ഇടപെടാറില്ലെന്നും തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം തങ്ങൾക്ക് നൽകിയിട്ടുണ്ടെന്നുമായിരുന്നു ജുനൈദ് പറഞ്ഞത്. എന്നാൽ എപ്പോഴും ഒരു വിളിപാട് അകലെ ഞങ്ങൾക്കൊപ്പം ഉണ്ടെന്നും ജുനൈദ് കൂട്ടിച്ചേർത്തു.
'പപ്പയുടെ കൈയിൽ എല്ലാത്തിനും പരിഹാരമുണ്ട്. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. സിനിമാ പരാജയങ്ങൾ അദ്ദേഹത്തെ ബാധിക്കുന്നുണ്ട്. എന്നാൽ, സമയമെടുത്ത് അതിനെക്കുറിച്ച് പഠിച്ച്, തെറ്റ്സംഭവിച്ചത് എവിടെയെന്ന് കണ്ടെത്തി തിരുത്തി മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. അതാണ് ഏറ്റവും നല്ല മാർഗം. എന്തു ബുദ്ധിമുട്ട് വന്നാലും പിതാവിനെ സമീപിക്കാം. എത്രവലിയ തിരക്കാണെങ്കിലും ഞങ്ങൾക്ക് വേണ്ടി സമയം മാറ്റിവെക്കും. കൂടാതെ ബന്ധപ്പെടാനും വളരെ എളുപ്പമാണ്. അദ്ദേഹം ഞങ്ങൾക്കൊപ്പമുണ്ട്'- ജുനൈദ് അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.