ബോളിവുഡ് നടൻ ആമിർ ഖാന്റെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് ലഗാൻ. ബോക്‌സ് ഓഫീസിൽ വിജയം നേടുക മാത്രമല്ല, ഓസ്‌കാർ നോമിനേഷൻ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ സിനിമ എന്ന വിശേഷണവും ലഗാൻ നേടിയിരുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, തന്റെ കഥാപാത്രമായ ഭുവൻ സിനിമയിൽ അവതരിപ്പിക്കപ്പെട്ട രീതിയെച്ചൊല്ലി താനും സംവിധായകൻ അശുതോഷ് ഗവാരിയേക്കറും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെന്ന് ആമിർ വെളിപ്പെടുത്തുന്നു.
2001ൽ പുറത്തിറങ്ങിയ ലഗാനിൽ ഗ്രേസി സിങ്, ബ്രിട്ടീഷ് അഭിനേതാക്കളായ പോൾ ബ്ലാക്ക്‌തോൺ, റേച്ചൽ ഷെല്ലി എന്നിവരും അഭിനയിച്ചിരുന്നു. കൊളോണിയൽ ഇന്ത്യ പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയാണിത്. വരൾച്ച ബാധിതമായ ഗ്രാമത്തിലെ ഒരുകൂട്ടം ഗ്രാമീണർ തങ്ങളുടെ ഭൂനികുതി ഒഴിവാക്കുന്നതിന് ബ്രിട്ടീഷുകാരെ ക്രിക്കറ്റ് മത്സരത്തിന് വെല്ലുവിളിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. അവരുടെ ടീമിനെ നയിച്ച ഗ്രാമീണനായ ഭുവൻ എന്ന കഥാപാത്രെത്തയാണ് ആമിർ അവതരിപ്പിച്ചത്.
സിനിമയിൽ ഭൂവൻ ക്ലീൻ ഷേവ് ചെയ്ത കഥാപാത്രമായാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാൽ എല്ലാദിവസവും ഷേവിങിനായി തന്റെ കഥാപാത്രം വെള്ളം പാഴാക്കുന്നത് യുക്തിസഹമല്ലെന്ന് ആമിർ ഐ.എം.ഡി.ബിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. വരൾച്ചയുടെ പശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത്. ഇവിടെ വെള്ളമില്ല. മഴ പെയ്യാറില്ല. ആളുകൾ കഷ്ടത്തിലാണ്. അപ്പോഴും ഭുവൻ എല്ലാ ദിവസവും ഷേവ് ചെയ്യുന്നുണ്ട്. ഇത് ആവശ്യമില്ലെന്ന് താൻ പറഞ്ഞതായാണ് ആമിർ പറയുന്നത്. എന്നാൽ, തന്റെ നിർദ്ദേശം സംവിധായകൻ അശുതോഷ് ഗവാരിയേക്കർ സ്വീകരിച്ചില്ലെന്നും താരം വെളിപ്പെടുത്തി. 'എന്നെ ഒരു പ്രത്യേക രീതിയിൽ കാണണമെന്ന് അശുതോഷിന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം ക്ലീൻ ഷേവ് ചെയ്യാൻ എന്നെ നിർബന്ധിക്കുകയായിരുന്നു. ലഗാൻ വീണ്ടും ചെയ്യുകയാണെങ്കിൽ സംവിധായകനോട് ക്ലീൻ ഷേവ് വേണ്ട എന്ന് നിർബന്ധിച്ച് പറയുമെന്നും ആമിർ പറഞ്ഞു.
25 കോടി ബജറ്റിൽ നിർമ്മിച്ച ലഗാൻ ഏകദേശം 66 കോടി രൂപ കളക്ഷൻ നേടിയിരുന്നു. റിലീസ് ചെയ്ത വർഷത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ലഗാൻ. 1994-ൽ ഓസ്‌കാർ നേടിയ ഫോറസ്റ്റ് ഗമ്പിന്റെ ഔദ്യോഗിക ഹിന്ദി റീമേക്കായ ലാൽ സിങ് ഛദ്ദയിലാണ് ആമിർ അടുത്തതായി അഭിനയിക്കുന്നത്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ലാൽ സിങ് ഛദ്ദയിൽ കരീന കപൂർ, മോന സിങ്, നാഗ ചൈതന്യ എന്നിവരും അഭിനയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.