മുംബൈ: കുടുംബത്തെ മറന്ന് സിനിമ മാത്രം ശ്രദ്ധിച്ചിരുന്ന കാലത്ത് അഭിനയം നിർത്താൻ തീരുമാനമെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ. മുൻ ഭാര്യ കിരൺ റാവുവും കുട്ടികളും തന്‍റെ തീരുമാനമറിഞ്ഞ് പൊട്ടിക്കരഞ്ഞുവെന്നും തുടർന്ന് തീരുമാനം ഒഴിവാക്കുകയായിരുന്നെന്നും ആമിർ ഖാൻ അഭിമുഖത്തിൽ വെളിപ്പെടുത്തി.
കോവിഡ് മഹാമാരി രൂക്ഷമായ സമയത്താണ് അഭിനയം അവസാനിപ്പിക്കാമെന്ന് തോന്നിയത്. ഇക്കാര്യം കിരണിനെയും മക്കളെയും അറിയിച്ചു. സിനിമയിൽ അഭിനയിക്കുകയോ പ്രൊഡ്യൂസ് ചെയ്യുകയോ വേണ്ടെന്നായിരുന്നു തീരുമാനം. എന്നാൽ, ഇതറിഞ്ഞതോടെ കിരണും കുട്ടികളും പൊട്ടിക്കരഞ്ഞു.
എന്‍റെ കുട്ടികള്‍ക്ക് എന്താണ് വേണ്ടിയിരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അത് വലിയൊരു പ്രശ്‌നമാണ്. എന്റെ തെറ്റ് തിരിച്ചറിഞ്ഞതോടെ എനിക്ക് എന്നോട് തന്നെ വലിയ ദേഷ്യമായി. സിനിമയോടും ദേഷ്യം വന്നു. എനിക്കും എന്റെ കുടുംബത്തിനും ഇടയില്‍ ഈ അകല്‍ച്ചയുണ്ടാക്കിയത് സിനിമയാണെന്ന് ഞാന്‍ കരുതി. അതിനാല്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു. ഇനി സിനിമ ചെയ്യില്ലെന്ന് ഞാന്‍ കുടുംബത്തെ അറിയിച്ചു. അഭിനയിക്കുകയോ നിർമിക്കുകയോ ഇല്ല -ആമിര്‍ ഖാന്‍ പറയുന്നു.
തീരുമാനം ആരോടെങ്കിലും പറഞ്ഞാൽ ഇറങ്ങാനിരിക്കുന്ന സിനിമയുടെ പ്രചാരണമാണെന്ന് മാത്രമേ കരുതൂ. അതിനാൽ പുറത്ത് ആരോടും പറഞ്ഞില്ല. എന്നാൽ കിരണും കുട്ടികളും സംസാരിച്ച് തീരുമാനം മാറ്റിക്കുകയായിരുന്നു. രണ്ട് വർഷത്തിനിടെ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. ഞാൻ സിനിമയിൽ നിന്ന് മാറിനിന്നെങ്കിലും പിന്നീട് തിരിച്ചുവന്നു -ആമിർ പറയുന്നു.
2018ല്‍ പുറത്തിറങ്ങിയ തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ആണ് ആമിറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലാല്‍ സിങ് ഛദ്ദയാണ് ആമിറിന്റെ പുതിയ സിനിമ. ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിങ് ഛദ്ദ. കരീന കപൂറാണ് നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.