മലയാളത്തില്‍ നിന്ന് മറ്റൊരു ത്രില്ലര്‍ കൂടി; 'അഞ്ചാം നാൾ വെള്ളിയാഴ്ച'

കെ സി ബിനു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അഞ്ചാം നാൾ വെള്ളിയാഴ്ച്ച എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ശനിയാഴ്ച തിരുവനന്തപുരത്ത് നടന്നു. നിർമ്മാതാവ് ജി സുരേഷ് കുമാർ, ദിനേശ് പണിക്കർ, ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ ചേർന്നാണ് ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചത്. ഭാരത് ഭവനിൽ തിരുവനന്തപുരം ഫിലിം ഫ്രെറ്റേണിറ്റിയും മ്യൂസിക്ക് ഫ്രെറ്റേണിറ്റിയും ചേർന്നു നടത്തിയ എം മണി അനുസ്മരണ ഗാനസ്മൃതി പരിപാടിക്കിടയിലായിരുന്നു ടൈറ്റിൽ ലോഞ്ച് നടന്നത്.

സുരേഷ് കുമാർ, ദിനേശ് പണിക്കർ, പ്രമോദ് പയ്യന്നൂർ എന്നിവര്‍ക്കൊപ്പം ചടങ്ങിലെ മുഖ്യാതിഥിയും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേണിറ്റി ചെയർമാനുമായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആശംസകൾ നേർന്നു സംസാരിച്ചു. കൊടൈക്കനാലിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു ത്രില്ലർ സിനിമയുടെ ചുരുളുകൾ നിവർത്തുന്ന ചിത്രമാണ് അഞ്ചാം നാൾ വെള്ളിയാഴ്ച്ച. കെ സി ബിനുവാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. കൽക്കട്ട ഏഷ്യൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായകനും മികച്ച നടനുമുള്ള പുരസ്കാരങ്ങള്‍ നേടിയ ഹൃദ്യം എന്ന ചിത്രത്തിനു ശേഷം കെ സി ബിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുതുമുഖം അജിത്താണ് മികച്ച നടനുള്ള പുരസ്കാരത്തിന് ഹൃദ്യത്തിലൂടെ അർഹനായത്. ഈ ചിത്രത്തിലും അജിത് മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കൊടൈക്കനാലിലെ ഒരു റിസോർട്ടിൽ എത്തുന്ന വിനോദ സഞ്ചാരികളിൽ മലയാളി കുടുംബത്തിലെ ഒരംഗത്തിൻ്റെ മരണമാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതിയെ മുന്നോട്ടു നയിക്കുന്നത്. അജിത്തും ഷുക്കൂർ വക്കീലും (ന്നാ താൻ കേസ് കൊട് ഫെയിം) കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശരത്ത് പുരുഷോത്തമൻ, മാളവിക, നിയാസ്, വിനീഷ് ആറ്റുവായ്, ജിഷ്ണു, സുജ ജോസ്, ബിനി ജോൺ, ബാബു, പ്രവീണ, കാസിം മേക്കുനി, സുരേഷ് പാൽക്കുളങ്ങര, സുനിൽ ഗരുഡ, അനൂപ് കൗസ്തുഭം, ശ്രീജിത്ത്, ശോഭ അജിത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇരുളർ ഭാഷയിലുള്ള ഒരു ഗാനം ആലപിച്ചിരിക്കുന്നത് നാഞ്ചിയമ്മയാണ്. സായ് കൃഷ്ണയുടേതാണു ഗാനരചന. ഷിജി കണ്ണൻ്റേതാണ് സംഗീതം. പശ്ചാത്തല സംഗീതം റോണി റാഫേൽ, ഛായാഗ്രഹണം ജിയോ തോമസ്, എ പി എസ് സൂര്യ, വിനോദ്, എഡിറ്റിംഗ് വിപിൻ മണ്ണൂർ, കലാസംവിധാനം പേൾ ഗ്രാഫി, ചീഫ് അസോസിയേറ്റ് ഡയറക്ടർ റിയാസുദ്ദീൻ മുസ്തഫ. ജ്വാലാ മൂവി ഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പിആര്‍ഒ വാഴൂർ ജോസ്.  

Tags:    
News Summary - Acham Naal velliyazhcha movie Launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.