ഇന്നസെന്റ്, ആ പേര് തന്നെ മതിയായിരുന്നു മലയാളിയെ പൊട്ടിച്ചിരിപ്പിക്കാൻ. മലയാള സിനിമക്ക് ഇന്നസെന്റായ ഒരു ശൈലി സമ്മാനിച്ചാണ് അദ്ദേഹം വെള്ളിത്തിരയിൽ നിന്ന് പടിയിറങ്ങുന്നത്. എങ്കിലും മലയാളിയുടെ ഹൃദയത്തിന്റെ തിരശ്ശീലയിൽ ഇന്നസെന്റ് പൊട്ടിച്ചിരിച്ച് കൊണ്ട് തന്നെ എന്നെന്നും നിലനിൽക്കും.
മലയാളിയുടെ ജീവിതവുമായി എപ്പോഴും ചേർന്ന് നിന്നതായിരുന്നു ഇന്നസെന്റിന്റെ കഥാപാത്രങ്ങൾ. അത് കൊണ്ട് തന്നെയാണ് സമൂഹമാധ്യമങ്ങളിലും മറ്റും ട്രോളായും മീമായും എപ്പോഴും ഇന്നസെന്റ് നിറഞ്ഞ് നിൽക്കുന്നത്. ഒരു കല്യാണ വീട്ടിൽ ഇപ്പോഴും കല്യാണരാമനിലെ മിസ്റ്റർ പൂഞ്ഞിക്കരയുടെ ശൈലിയിൽ 'അൽപം ചോറിടട്ടേ' എന്ന് ചോദിക്കാത്തവർ ചുരുക്കമാണ്.
മണിച്ചിത്രത്താഴിലെ ആ രാഘവോ വിളി ഇപ്പോഴും ഒരോ മലയാളിയും പ്രതിസന്ധി ഘട്ടത്തിൽ വിളിക്കാറുണ്ട്. വിയറ്റ്നാം കോളനിയിലെ ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ.കെ ജോസഫ് എന്ന ഡയലോഗും മലയാളി നെഞ്ചേറ്റിയതാണ്. 'മോന്തക്കൊന്ന് കൊടുത്തിട്ട് കണ്ണാടി എടുത്ത് കാണിച്ച് കൊടുക്കട, അപ്പോ കാണും' എന്ന് പറയുന്ന മിഥുനത്തിലെ കെ.ടി കുറുപ്പും 'പുറപ്പെട്ടു, പുറപ്പെട്ടു, പുറപ്പെട്ടിട്ട് അരമണിക്കൂറായി. കുറച്ചൂടെ നേരത്തെ പുറപ്പെടണോ'....എന്ന മാന്നാർ മത്തായി ഫേവറേറ്റ് ഡയലോഗും മലയാളി മറക്കില്ല. അങ്ങനെ മലയാളിക്ക് എന്നെന്നും കൂടെ കൂട്ടാൻ ഒരു പിടി കഥാപാത്രങ്ങളെ നൽകിയാണ് ആ ചിരി മാഞ്ഞത്. ഇനിയും എന്നെന്നും ആ ചിരി മലയാളിയുടെ ഹൃദയത്തിലുണ്ടാകും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.