1. ജോജു ജോർജ് 2. ലണ്ടനിലെത്തിയ ജോജു, ചെമ്പൻ വിനോദ്, കല്യാണി പ്രിയദർശൻ എന്നിവർ ‘ആന്റണി’ ചിത്രത്തിന്റെ നിർമാതക്കളായ ഐൻസ്റ്റീൻ, ഷിജോ എന്നിവർക്കൊപ്പം

ലണ്ടനിൽ ഷോപ്പിങ്ങിനിടെ നടൻ ജോജുവിന്റെ പണവും പാസ്​പോർട്ടും മോഷണം പോയി

ലണ്ടൻ: ലണ്ടനിൽ ഷോപ്പിങ്ങിനിടെ നടൻ ജോജു ജോർജിന്റെ പാസ്പോർട്ടും പണവും ഉൾപ്പെടെ മോഷണം പോയി. ജോജുവിന് പുറമെ ‘ആന്റണി’ സിനിമയുടെ നിർമാതാവ് ഐൻസ്റ്റീൻ സാക്ക് പോൾ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫ് എന്നിവരുടെ പണവും പാസ്പോർട്ടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ജോജുവിന്റെ 2000, ഐൻസ്റ്റീന്റെ 9000, ഷിജോയുടെ 4000 പൗണ്ട് വീതം ആകെ 15000 പൗണ്ടാണ് നഷ്ടപ്പെട്ടത്. ലണ്ടനിലെ ഒക്സ്ഫോഡിലെ ബിസ്റ്റർ വില്ലേജിൽ ഷോപ്പിങ്‌ നടത്താൻ കയറിയപ്പോഴാണ് ഇവർ സഞ്ചരിച്ച ഡിഫൻഡർ വാഹനത്തിൽനിന്ന് പണം നഷ്ടപ്പെട്ടത്. ജോജുവിന് പിന്നീട് ഇന്ത്യൻ ഹൈകമീഷൻ ഇടപെടലിലൂടെ പുതിയ പാസ്പോർട്ട് ലഭ്യമായി.

ഷോപ്പിങ്ങിനെത്തിയപ്പോൾ കാർ സമീപത്തെ പേ ആൻഡ് പാർക്കിലാണ് നിർത്തിയിട്ടിരുന്നത്. കുറച്ച് സാധനങ്ങൾ വാങ്ങിയ ശേഷം ജോജു ജോർജ്, കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ് എന്നിവർ ഉൾപ്പടെയുള്ളവർ ഇവ കാറിൽ കൊണ്ടു വെച്ചിരുന്നു. തിരികെ വീണ്ടും ഷോപ്പിങ്‌ നടത്തി കാറിനരികിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പണത്തിന് പുറമെ ഷോപ്പിങ്‌ നടത്തിയ സാധനങ്ങൾ, ലാപ്ടോപ്പുകൾ എന്നിവയും നഷ്ടമായി.

വിലകൂടിയ ബ്രാൻഡഡ് ഉൽപന്നങ്ങൾ ലഭിക്കുന്ന സ്ഥലമാണ് ബിസ്റ്റർ വില്ലേജ്. ‘ആന്റണി’ ചിത്രത്തിന്റെ പ്രമോഷനും റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തിൽ നടന്ന വള്ളംകളിയിലും പങ്കെടുക്കാനാണ് താരങ്ങൾ ലണ്ടനിൽ എത്തിയത്. ജോജു, കല്യാണി എന്നിവർ ഉൾപ്പടെയുള്ളവർ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ചെമ്പൻ വിനോദ് സെപ്റ്റംബർ അഞ്ചിന് മടങ്ങും.

ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങുന്ന 'ആന്റണി'യുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവർ തന്നെയാണ് ആന്റണിയിലും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Tags:    
News Summary - Actor Joju's money and passport were stolen while shopping in London

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.