ചെന്നൈ: കോവിഡ് വാക്സിൻ സ്വീകരിച്ചതു മൂലമാണ് തമിഴ് നടൻ വിവേകിന് ഹൃദയാഘാതം സംഭവിച്ചതെന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ. അദ്ദേഹത്തിന് ഗുരുതരമായ ഹൃദ്രോഗം ഉണ്ടായിരുന്നെന്നും ഇടതു കൊറോണറി ആർട്ടറിയിൽ 100 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നെന്നും ഡോക്ടർമാർ വിശദീകരിച്ചു. ഹൃദ്രോഗം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന ഒന്നല്ലെന്നും വിവേക് കോവിഡ് നെഗറ്റിവ് ആയിരുന്നെന്നും അദ്ദേഹത്തെ ചികിൽസിച്ച വടപളനിയിലെ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട്സ് ഫൊർ മെഡിക്കൽ സയൻസിലെ ഡോക്ടർമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്കാണ് വിവേകിനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഉടൻ തന്നെ എമർജൻസി ടീമും കാർഡിയോളജി ടീമും ചേർന്ന് അദ്ദേഹത്തിന്‍റെ ഹൃദയമിടിപ്പ് തിരികെ കൊണ്ടുവരുന്നതിന് ശ്രമിച്ചു. വിവേകിന്‍റെ ഇടത് കൊറോണറി ആര്‍ട്ടറിയില്‍ നൂറ് ശതമാനം ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുകയും സ്റ്റെന്‍റ് സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു. ബ്ലോക്ക് മാറ്റിയതിനു ശേഷം ഹൃദയമിടിപ്പിൽ പുരോഗതി കണ്ടിരുന്നു.
അദ്ദേഹത്തിേന്‍റത് അക്യൂട്ട് കൊറോണറി സിൻഡ്രോം ആയിരുന്നു. ഇത് ഹൃദയസംബന്ധിയായ പ്രശ്നമാണ്. ഇതും കോവിഡും തമ്മിൽ ബന്ധമില്ല. പരിശോധനയിൽ അദ്ദേഹം കോവിഡ് നെഗറ്റിവ് ആണെന്ന് കണ്ടെത്തിയിരുന്നെന്നും മെഡിക്കൽ സംഘം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.