മുംബൈ: നടി ലീന മരിയപോളും ഭർത്താവ് സുകേഷ് ചന്ദ്രശേഖറും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് അഭിനേത്രി നോറ ഫതേഹിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇഡിയുടെ ഡൽഹി ഓഫീസിൽ വ്യാഴാഴ്ച രാവിലെയാണ് ഇവർ ചോദ്യം ചെയ്യലിന് ഹാജരായത്. കേസിൽ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ, നോറ ഫത്തേഹിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി നടി ഇന്ന് ഇ.ഡി ഓഫീസിൽ ഹാജരായേക്കും.
അതേസമയം, ഇതേകേസിൽ ബോളിവുഡ് നടിയായ ജാക്വിലിൻ ഫെർണാണ്ടസിനെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും. ഇത് മൂന്നാം തവണയാണ് ജാക്വിലിന് ഇ.ഡി സമൻസയക്കുന്നത്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ ജാക്വിലിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു.രണ്ട് നടിമാരെയും സുകേഷ് ചന്ദ്രശേഖർ കെണിയിൽ വീഴ്ത്തിയെന്നാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ. സുകേഷ് ചന്ദ്രശേഖറും ജാക്വിലിനും നോറ ഫത്തേഹിയും തമ്മിൽ എന്തെങ്കിലും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഏജൻസി അന്വേഷിക്കുന്നത്.
കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പുറമേ, ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലീനയും സുകേഷും നിലവില്‍ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലാണ്.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടാന്‍ ശ്രമിച്ചത്. തട്ടിപ്പു നടത്തിയ ശേഷം ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ഇയാളുടെ 16 ലക്ഷ്വറി കാറുകളും കടലിനോട് അഭിമുഖമായ ബീച്ച് ബംഗ്ലാവും ഈയിടെ അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു. ആന്ധ്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരിൽ വഞ്ചനാ കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.