തിരുവനന്തപുരം: മലയാള സിനിമയിൽ ഉൗർജ്വസ്വലയായ മുത്തശ്ശി കഥാപാത്രമായി തിളങ്ങിയ ആർ. സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കർണാടക സംഗീതജ്ഞയും നർത്തകിയുമാണ്.
കുട്ടിക്കാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള് ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള് ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് തുടക്കം. കല്യാണരാമന്, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു സുബ്ബലക്ഷ്മി. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന വളയം, ഗന്ധര്‍വയാമം തുടങ്ങി അറുപത്തിയഞ്ചോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ പതിനാലോളം പരസ്യചിത്രങ്ങളിലും വേഷമിട്ടു. ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വേഷമിട്ടു. കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദില്‍ബേചാര, രാമന് തേടിയ സീതൈ, ഹൗസ് ഓണര്‍, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇന്‍ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയവയാണ് അന്യഭാഷാ ചിത്രങ്ങള്‍.
ജാക്ക് ഡാനിയേല്‍, റോക്ക് ആന്റ് റോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസനം, ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നീ ചിത്രങ്ങളില്‍ ഗാനം ആലപിച്ചു. ശാസ്തമംഗലം ശിവജി അപ്പാർട്ട്മെന്റിലായിരുന്നു വർഷങ്ങളായി താമസിച്ചിരുന്നത്. മൃതദേഹം ചെറുമകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ മുടവൻമുകൾ വീട്ടിൽ കൊണ്ടുവരും. സംസ്കാരം വെള്ളിയാഴ്ച നടക്കും. പരേതനായ കല്യാണരാമനാണ് ഭർത്താവ്. നർത്തകിയും അഭിനേത്രിയുമായ താരാകല്യാൺ, ഡോ. ചിത്ര, കൃഷ്ണമൂർത്തി എന്നിവർ മക്കളാണ്. ജവഹർ ബാലഭവനിൽ 27 വർഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കി. ആകാശവാണിയിലും പ്രവർത്തിച്ചു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം പരസ്യചിത്രത്തിലൂടെയാണ് കാമറയുടെ മുന്നിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.