തിയറ്ററില്‍ ആളെക്കൂട്ടാനായി ടിക്കറ്റ് നിരക്ക് കുറച്ച് 'ആദിപുരുഷ്' നിര്‍മാതാക്കൾ

ഒട്ടേറെ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയ പ്രഭാസ് ചിത്രം ആദിപുരുഷിന്‍റെ പ്രദര്‍ശനം ആറാം ദിവസത്തിലേക്ക് കടന്നിട്ടും ബോക്സ് ഓഫിസ് കലക്ഷനില്‍ കുത്തനെ ഇടിവാണ് രേഖപ്പെടുത്തുന്നത്. രാമായണത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ചതെന്ന് അവകാശപ്പെടുന്ന സിനിമയാണ് 'ആദിപുരുഷ്'. സിനിമയിലെ ചില കഥാപാത്രങ്ങളുടെ ചിത്രീകരണവും സംഭാഷണങ്ങളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു.

റിലീസിന്‍റെ ആദ്യ ദിവസങ്ങളില്‍ ബോക്സ് ഓഫിസില്‍ കുതിച്ച 'ആദിപുരുഷ്' വൈകാതെ കാലിടറി വീഴുകയായിരുന്നു. സിനിമയുടെ വി.എഫ്.എക്സുകളുടെ പേരിലും തിരക്കഥയുടെ പേരിലുമെല്ലാം സമൂഹമാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനങ്ങളാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്.

ഇപ്പോഴിതാ തിയറ്ററില്‍ ആളെക്കൂട്ടാനായി അടുത്ത രണ്ടു ദിവസത്തേക്കായി ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കുറച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കൾ. ടിക്കറ്റ് നിരക്ക് 150 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്. ജൂണ്‍ 22, 23 തിയതികളിലാണ് 150 രൂപ ടിക്കറ്റ് നിരക്കില്‍ ചിത്രം കാണാന്‍ സാധിക്കുക. എന്നിരുന്നാലും, ത്രീ– ‍ഡിയില്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

റിലീസ് ചെയ്ത് നാലു ദിവസം കൊണ്ട് ആഗോളതലത്തിൽ 375 കോടിയിലധികമാണ് ചിത്രം നേടിയതെന്നാണ് നിർമാതാക്കളുടെ കലക്ഷൻ കണക്കുകൾ പറയുന്നത്. ഇതിന് ശേഷമാണ് ചൊവ്വാഴ്ച കളക്ഷന്‍ 16 കോടിയായി കുറഞ്ഞത്. അഞ്ചാം ദിവസം വീണ്ടും ഇടിഞ്ഞ് ഇത് 10.7 കോടിയായി. ഇന്നലെ ലഭിച്ച ഓൾ ഇന്ത്യ കല‌ക്‌ഷൻ വെറും ഏഴുകോടിയായിരുന്നു. 

Tags:    
News Summary - 'Adipurush' producers reduced ticket prices to attract people to the theatre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.