ഐഷാ സുൽത്താന: ലക്ഷദ്വീപിൽ നിന്നും മലയാള സിനിമക്ക് ഒരു വനിതാ സംവിധായിക

ലയാള സിനിമയിലേക്ക് ആദ്യമായി ലക്ഷദ്വീപിൽനിന്നും ഒരു സ്വതന്ത്ര സംവിധായിക എത്തുന്നു. ലാൽ ജോസ് ഉൾപ്പെടെ ഒട്ടെറെ സംവിധായകർക്കൊപ്പം സിനിമയിൽ പ്രവർത്തിച്ച യുവസംവിധായിക ഐഷാ സുൽത്താനയാണ് പുതിയ ചിത്രവുമായി വരുന്നത്. ചിത്രത്തിന്‍റെ രചനയും ഐഷ തന്നെയാണ്. ലക്ഷദ്വീപിന്‍റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്തു. 'ഫ്ലഷ്' എന്ന് പേരിട്ട സിനിമയുടെ ടൈറ്റിൽ സംവിധായകൻ ലാൽ ജോസ് ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്.

ഐഷ സുൽത്താന അവസാനമായി സഹസംവിധായികയായി പ്രവർത്തിച്ചത് കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിലാണ്. ആ സിനിമയുടെ എഡിറ്റർ നൗഫൽ അബ്ദുള്ള, മ്യൂസിക് ഡയറക്ടർ വില്യം എന്നിവരും ഈ ചിത്രത്തിൽ പങ്കാളികളാവുന്നുണ്ട്. വിഷ്ണു പണിക്കർ ക്യാമറയും നവാഗതനായ അനന്തു സുനിൽ ആർട്ടും, ലക്ഷദ്വീപ് നിവാസിയായ യാസർ പ്രൊഡക്ഷൻ കൺട്രോളർ, പി.ആർ. സുമേരൻ (പി.ആർ.ഒ) എന്നിവരും പ്രവർത്തിക്കുന്നു.

'എന്‍റെ സംവിധാന സഹായിയായി എത്തിയ ഒരാൾ കൂടി ഒരു സ്വതന്ത്ര സൃഷ്ടിയുമായെത്തുന്നു. ഇക്കുറി ഒരു പെൺകുട്ടിയാണ്. ഐഷ സുൽത്താനയെന്ന ലക്ഷദ്വീപുകാരി. ഐഷയുടെ ചിത്രം ഫ്ലഷിന്‍റെ പോസ്റ്റർ ഏറെ സന്തോഷത്തോടെ ഞാൻ പങ്കുവയ്ക്കുന്നു' -ലാൽ ജോസ് പറഞ്ഞു. കാഴ്ചയിൽ കടൽ പോലെ ആകെ ഇളകി മറിയുമെങ്കിലും മനസ്സിന്‍റെ ആഴങ്ങളിൽ ആഴി പോലെ ശാന്തത സൂക്ഷിക്കുന്നവരാണ് എനിക്കറിയാവുയുന്ന സ്ത്രീകളധികവും. പെണ്ണുടലിൽ ഒരു കടൽ ശരീരം കണ്ടെത്തിയ ആർട്ടിസ്റ്റിന് അഭിനന്ദനങ്ങൾ, ലാൽ ജോസ് പറയുന്നു.

ഈ സിനിമക്ക് ലക്ഷദ്വീപ് ഭരണകൂടവും കൈകോർക്കുന്നുണ്ട്. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് നവംബർ അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

വനിതാ സംവിധായകർ വളരെ കുറച്ചു മാത്രം രംഗത്തുള്ള മലയാളസിനിമയിൽ ഒരുപാട് വർഷം സഹസംവിധായികയായി പ്രവർത്തിച്ച ഐഷ തന്‍റെ നിലപാടുകൾ തുറന്നു പറഞ്ഞതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറിനോടൊപ്പം സംവിധായികയും നടിയുമായ ഗീതു മോഹൻദാസിന്എതിരെ നിലപാട് എടുത്തത് വിവാദം ഉണ്ടാക്കിയിരുന്നു. ഇപ്പോൾ സ്റ്റെഫി തന്നെയാണ് ഫ്ലഷിന്‍റെ കോസ്റ്റ്യൂമർ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.