ഏറെ കാത്തിരിപ്പുകൾക്ക് ശേഷം തിയറ്ററിലെത്തിയ ടൊവിനോ തോമസ് ചിത്രമാണ് അജയന്‍റെ രണ്ടാം മോഷണം. ജിതിൻ ലാലിന്‍റെ സംവിധാനത്തിലെത്തിയ ചിത്രത്തിന് മോശമല്ലാത്ത അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ആദ്യ ദിനം കേരളത്തിൽ നിന്നും മാത്രം 2.8 കോടിയാണ് അജയന്‍റെ രണ്ടാം മോഷണം നേടിയത്. ടൊവിനോയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ആദ്യ ദിന കളക്ഷനാണ് ഇത്. ഖാലിദ് റഹ്മാന്‍റെ സംവിധാനത്തിലെത്തിയ തല്ലുമാലയാണ് ടൊവിനോയുടേതായി ഏറ്റവും കൂടുതൽ ആദ്യദിന കളക്ഷൻ നേടിയ ചിത്രം.
മുഴുവൻ ഇന്ത്യയിൽ നിന്നുമായി 3.19 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയതെന്നാണ് സാക്നിക് റിപ്പോർട്ട് ചെയ്യുന്നത്. ടൊവിനോ ട്രിപ്പിൾ റോളിൽ എത്തുന്ന 'എ.ആർ.എം' മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യു.ജി.എം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമ്മിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, രോഹിണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ജോമോൻ ടി. ജോൺ ആണ് എ.ആർ.എമ്മിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷമീർ മുഹമ്മദാണ് ചിത്രത്തിന്‍റെ എഡിറ്റർ. തമിഴിൽ കന, ചിത്ത തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.