സിനിമ ബഹിഷ്കരിക്കാൻ ആവശ്യപ്പെടുന്നവർ 'അനർഥകാരികൾ'ആണെന്ന് ബോളിവുഡ് നടൻ അക്ഷയ്കുമാർ. തന്റെ പുതിയ സിനിമയായ രക്ഷാബന്ധന്റെ പ്രമോഷനോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദി സിനിമകൾ ബഹിഷ്‌കരിക്കുന്ന പ്രവണതയെക്കുറിച്ച് അഭിമുഖത്തിൽ അക്ഷയ് കുമാർ തുറന്നുപറഞ്ഞു. 'ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും എല്ലാവർക്കും അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യാമെന്നും' അദ്ദേഹം പറഞ്ഞു. പറഞ്ഞു. ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്നവരോട് അത് ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്തിടെ ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദയും ആലിയ ഭട്ടിന്റെ ഡാർലിംഗ്‌സും ബഹിഷ്‌കരിക്കാൻ ചില വിഭാഗങ്ങളിലുള്ള ആളുകൾ ആഹ്വാനം ചെയ്തിരുന്നു.
'ഇങ്ങനെയൊക്കെ ചെയ്യുന്നവർ സമൂഹത്തിലെ ചുരുക്കം ചിലരാണ്. അതിനെ കുസൃതിയായി കണ്ടാൽമതി. ഇതൊരു സ്വതന്ത്ര രാജ്യമാണ്. എല്ലാവർക്കും ഇഷ്ടമുള്ളത് ചെയ്യാൻ ഇവിടെ അനുവാദമുണ്ട്. ആളുകൾ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ എന്തെങ്കിലും അർഥമുണ്ടാകുമെന്ന് തോന്നുന്നില്ല. നമ്മളെല്ലാം നമ്മുടെ രാജ്യത്തെ ഏറ്റവും വലുതും മഹത്തായതും ആക്കുന്നതിന്റെ വക്കിലാണ്. ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് ഞാൻ അവരോട് അഭ്യർഥിക്കുന്നു. അതാണ് നമ്മുടെ രാജ്യത്തിന് നല്ലത്'-അക്ഷയ്കുമാർ പറഞ്ഞു.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലാൽ സിങ് ഛദ്ദയിലൂടെ ബിഗ് സ്ക്രീനില്‍ തിരിച്ചെത്തുകയാണ് ആമിര്‍ ഖാന്‍. അതിനിടെയാണ് ലാൽ സിങ് ഛദ്ദ കാണരുത്, ബഹിഷ്കരിക്കണമെന്ന ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ ഉയർന്നത്. ഈ ഹാഷ്ടാഗ് ക്യാമ്പെയിന്‍ തന്നെ വേദനിപ്പിക്കുന്നുവെന്ന് ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.
"അതെ, എനിക്ക് സങ്കടമുണ്ട്. മാത്രമല്ല ഞാൻ ഇന്ത്യയെ ഇഷ്ടപ്പെടാത്ത ഒരാളാണെന്ന് ബഹിഷ്കരണ ആഹ്വാനം നടത്തുന്ന ചിലര്‍ വിശ്വസിക്കുന്നു. പക്ഷേ അത് അസത്യമാണ്. ചിലർക്ക് അങ്ങനെ തോന്നുന്നത് ദൗർഭാഗ്യകരമാണ്. ദയവായി എന്റെ സിനിമ ബഹിഷ്‌കരിക്കരുത്. ദയവായി എന്റെ സിനിമ കാണുക"- ആമിര്‍ പറഞ്ഞു.
'ഹിന്ദുമതത്തെയും ആചാരങ്ങളെയും കളിയാക്കിയ ആമിറിന്‍റെ സിനിമ ബഹിഷ്കരിക്കണം', 'രാജ്യദ്രോഹികളായ ബോളിവുഡ് താരങ്ങളുടെ സിനിമകള്‍ കാണരുത്', 'നിങ്ങളുടെ ഭാര്യയ്ക്ക് ഇന്ത്യയില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്ന് പറഞ്ഞു, പിന്നെ എന്തിന് നിങ്ങളുടെ സിനിമ ഇവിടെ റിലീസ് ചെയ്യുന്നു' എന്നിങ്ങനെയാണ് ആമിറിനെതിരായ വിദ്വേഷ പ്രചാരണം. ആമിര്‍ നേരത്തെ അഭിനയിച്ച പികെ എന്ന സിനിമയിലെ ചില രംഗങ്ങളും സത്യമേവ ജയതേ എന്ന പരിപാടിയില്‍ പറഞ്ഞ ചില പരാമര്‍ശങ്ങളും ചൂണ്ടിക്കാട്ടിയാണ് വിദ്വേഷ പ്രചാരണം.
ആഗസ്റ്റ് 11നാണ് അക്ഷയ് നായകനാവുന്ന രക്ഷാബന്ധൻ തിയറ്ററുകളിൽ എത്തുന്നത്. നാല് സഹോദരിമാരുടെ ഏക സഹോദരനായിട്ടാണ് അക്ഷയ് ചിത്രത്തിലെത്തുന്നത്. ഭൂമി പഡ്നേക്കറാണ് നായിക. ഹിമാൻഷു ശർമയും കനികാ ധില്ലനുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കേപ്പ് ഓഫ് ഗുഡ് ഫിലിംസിന്റെ സഹകരണത്തോടെ കളർ യെല്ലോ പ്രൊഡക്ഷൻസ്, സീ സ്റ്റുഡിയോസ്, അൽക്കാ ഹിരാനന്ദാനി എന്നിവർ ചേർന്നാണ് രക്ഷാബന്ധൻ നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.