കോഴിക്കോട്: 1921ലെ മലബാർ സമരത്തിന്‍റെ യഥാർഥ ചരിത്രമെന്ന് അവകാശപ്പെട്ട് സംഘ്പരിവാർ അനുകൂലി അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രമായ 'പുഴ മുതൽ പുഴ വരെ' ചിത്രീകരണം തുടങ്ങി. മമധർമ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന സിനിമക്കായി ഉദാരമായി സംഭാവന ചെയ്യാൻ സമൂഹമാധ്യമങ്ങളിലൂടെ സംവിധായകൻ അഭ്യർഥിച്ചു. ക്ഷേത്രത്തിലേക്ക് നൽകുന്ന ഭിക്ഷ പോലെയാണ് തന്‍റെ സിനിമക്ക് നൽകുന്ന സംഭാവനയെന്നും അലി അക്ബർ പറഞ്ഞു.
സിനിമ പ്രഖ്യാപിച്ചതുമുതൽ ലോകത്തുള്ള മുഴുവൻ ഭീകരവാദികളും അതിനെതിരെ ആയിരക്കണക്കിന് ട്രോളുകൾ ഇറക്കിയെന്ന് അലി അക്ബർ പറഞ്ഞു. ചരിത്രം ഏകപക്ഷീയമാകുമ്പോൾ യാഥാർഥ്യം എന്തെന്ന് അറിയിക്കാനുള്ള ബാധ്യത തനിക്കുണ്ട്. താൻ ഈ സിനിമക്ക് ഒരു നിമിത്തം മാത്രമാണ്. ഇതുവരെ സംഭാവന നൽകിയ, ഇനിയും നൽകാനുള്ളവരാണ് ഈ സിനിമ യാഥാർഥ്യമാക്കുന്നത്.
ലക്ഷ്യമിട്ടതിന്‍റെ മൂന്നിലൊന്നാണ് ഇപ്പോൾ പൂർത്തിയായത്. ഇനിയും എല്ലാവരും ഒപ്പമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ സത്യമായും ഇരക്കുകയാണ്. അത് ഒരു മാറ്റത്തിന് വേണ്ടിയാണ്. തനിക്ക് വീടുണ്ടാക്കാനോ മക്കളെ കെട്ടിക്കാനോ ആണെങ്കില്‍ ഇതിലും ഇരട്ടി പണം തനിക്ക് ലഭിക്കുമായിരുന്നെന്നും ഇന്ന് വരെ ആരോടും അങ്ങനെ ചോദിച്ചില്ലെന്നും പക്ഷേ ഈ പ്രൊജക്ടിന് റോഡില്‍ ഇറങ്ങാനും ഭിക്ഷ യാചിക്കാനും തയ്യാറാണെന്നും അലി അക്ബര്‍ പറഞ്ഞു.
സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് ഇത് വരെ നിര്‍മാണത്തിനായി ലഭിച്ചത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.