തെലുങ്കാനയുടെ മണ്ണിൽ നിന്നും പുഷ്പരാജ് ലോകം മുഴുവനും ആഞ്ഞുവീശാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. ഇപ്പോഴിതാ പുഷ്പയുടെ രണ്ടാം ഭാഗമായി എത്തുന്ന 'പുഷ്പ ദ റൂളി'ന്‍റെ ആദ്യ പകുതിയുടെ ഡബ്ബിങിന് ശേഷം സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ജിസ് ജോയ് പറഞ്ഞിരിക്കുന്ന വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. വർഷങ്ങളായി അല്ലു അർജുൻ സിനിമകളുടെ മലയാളം പതിപ്പിൽ അല്ലുവിന് സ്ഥിരമായി ഡബ്ബിങ് ചെയ്യുന്നത് ജിസ് ജോയ് ആണ്. 'പുഷ്പ ദ റൈസി'ലും ജിസ് ജോയിയുടെ ഡബ്ബിങ് ശ്രദ്ധ നേടിയിരുന്നതാണ്.
'നിങ്ങളെപോലെ തന്നെ 'പുഷ്പ 2' വരാൻ കാത്തുകാത്തിരിക്കുയായിരുന്നു ഞാനും. ആ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. പുഷ്പ 2ന്‍റെ ഡബ്ബിങ് ഫസ്റ്റ് ഹാഫ് കഴിഞ്ഞു. ഇനി സെക്കൻഡ് ഹാഫ് ഡബ്ബിങ് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആരംഭിക്കാനിരിക്കുന്നത്. എനിക്ക് ചിത്രം വളരെ ആസ്വാദ്യകരമായി തോന്നി. ഒരു നാഷണൽ അവാര്‍ഡ് വിന്നർ എങ്ങനെ പെര്‍ഫോം ചെയ്യുമോ ആ രീതിയിലുള്ള പക്വതയോടെയാണ് അല്ലുവിന്‍റെ അഭിനയം. ഓരോ സിനിമ കഴിയുന്തോറും അദ്ദേഹം വളരുകയാണ്. വളരെ മനോഹരമായി അദ്ദേഹം പെര്‍ഫോം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഒട്ടേറെ മാസ്സ് സീനുകള്‍ രണ്ടാം ഭാഗത്തിലുണ്ട്. നമ്മുടെ സ്വന്തം ഫഹദ് ഫാസിൽ പൊളിച്ചടുക്കിയിട്ടുണ്ട്. നല്ല സ്ക്രീൻ പ്ലേ, നല്ല പാട്ടുകള്‍. രശ്മിക മന്ദാനയുടെ അഭിനയം, സുകുമാര്‍ സാറിന്‍റെ ഡയറക്ഷൻ, മികവുറ്റ സിനിമാറ്റോഗ്രാഫി എല്ലാം എടുത്തുപറയേണ്ടതാണ്. കേരളത്തിൽ ഇ ഫോര്‍ എന്‍റർടെയ്ൻമെന്‍റ്സിലൂടെ മുകേഷ് മേത്തയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സെക്കൻഡ് ഹാഫ് ഡബ്ബിങിന് ശേഷം പുതിയ അപ്‍ഡേറ്റുമായി വീണ്ടും വരാം'- അദ്ദേഹം വിഡിയോയിൽ പറയുന്നു.
ഡിസംബർ അഞ്ച് മുതലാണ് 'പുഷ്പ ദ റൂൾ' ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്.കേരളത്തിലെ തിയറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത ഇതിനകം അറിയിച്ചിട്ടുണ്ട്.
സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ചിത്രത്തിൽ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരെ കൂടാതെ സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.
കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.