കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്ക് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ തൽക്കാലം അംഗത്വം നൽകേണ്ടതില്ലെന്ന് തീരുമാനം. ശനിയാഴ്ച ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിലാണ് അംഗത്വം നൽകേണ്ടതില്ലെന്ന് തീരുമാനമായത്. ഷെയ്ൻ നിഗമും നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാൻ തുടർചർച്ചകളുമായി മുന്നോട്ടു പോകാനും യോഗത്തിൽ തീരുമാനമായി.
ഷൂട്ടിങ്ങ് ലൊക്കേഷനുകളിലെ മോശം പെരുമാറ്റത്തിന്‍റെ പേരിലാണ് നടൻ ശ്രീനാഥ് ഭാസിയുമായും ഷെയ്ൻ നിഗവുമായും ഇനി സഹകരിച്ച് പോകേണ്ടതില്ലെന്ന് നിർമാതാക്കളുടെ സംഘടന തീരുമാനിച്ചത്. നിർമാതാക്കളുടെ തീരുമാനത്തിന് താര സംഘടനയായ അമ്മയും ഫിലിം ചേംബറും പൂർണ പിന്തുണയും നൽകി. ഇതിന് പിന്നാലെയാണ് നടൻ ശ്രീനാഥ് ഭാസി അമ്മയിൽ അംഗത്വത്തിന് അപേക്ഷ സമർപ്പിച്ചത്.
എന്നാൽ നിലവിൽ ശ്രീനാഥ് ഭാസിക്ക് അംഗത്വം നൽകേണ്ടതില്ലെന്നാണ് അമ്മ എക്സിക്യൂട്ടീവിന്‍റെ തീരുമാനം. നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ചശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിച്ചാൽ മതിയെന്നാണ് ഇന്നലെ ചേർന്ന യോഗത്തിലെ തീരുമാനം. സംഘടനയിൽ അംഗമായ ഷെയിൻ നിഗമും നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാൻ തുടർചർച്ചകളുമായി മുന്നോട്ടു പോകാനും യോഗത്തിൽ തീരുമാനമായി.
കൂടാതെ നിഖില വിമൽ, കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരുൾപ്പെടെ ഏഴ് പേർക്ക് സംഘടനയിൽ പുതുതായി അംഗത്വം നൽകി. അതേസമയം, സംഘടനയുടെ 29ാമത് ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.