കൊച്ചി: നടി ആക്രമിക്കപ്പെട്ടതും ഡബ്ല്യു.സി.സി എന്ന വനിത സംഘടന രൂപവത്കരിക്കപ്പെട്ടതുമുൾെപ്പടെ ഏറെ വിവാദങ്ങളുണ്ടായ ഭരണകാലയളവിനൊടുവിൽ താരസംഘടന അമ്മയുടെ ബൈലോ പുതുക്കി. ഞായറാഴ്ച കൊച്ചിയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതുക്കിയ ബൈലോക്ക് അംഗീകാരമായത്. സുപ്രീംകോടതി നിർദേശിച്ചതു പ്രകാരമുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
പുറത്തുനിന്നുള്ള ഉദ്യോഗസ്ഥനുൾെപ്പടെ അഞ്ചുപേർ അംഗങ്ങളായ ആഭ്യന്തര പരാതി പരിഹാര സെൽ (ഐ.സി.സി) രൂപവത്കരണം, ലഹരിമരുന്ന് ഉപയോഗംപോലുള്ള അംഗങ്ങളുടെ സ്വഭാവദൂഷ്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കൽ, സമൂഹ മാധ്യമങ്ങളിലൂടെ അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കൽ, 'അമ്മ'യുടെ സാമൂഹിക സേവനപ്രവർത്തനങ്ങൾ വർധിപ്പിക്കൽ തുടങ്ങിയവയാണ് പുതിയ ബൈലോയിലെ പ്രധാന ഘടകങ്ങൾ.
ഐ.സി.സി രൂപവത്കരണം സംബന്ധിച്ച് അടുത്ത എക്സിക്യൂട്ടിവ് കമ്മിറ്റിയിൽതന്നെ അന്തിമ തീരുമാനമെടുക്കുമെന്ന് പ്രസിഡൻറ് മോഹൻലാൽ, ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർ അറിയിച്ചു. പുതുക്കിയ ബൈലോ സംബന്ധിച്ച് ഡബ്ല്യു.സി.സിയുടെ ഭാഗമായുള്ള രേവതി, പത്മപ്രിയ എന്നിവരെ വിളിച്ച് സംസാരിക്കുകയും അവർ അഭിനന്ദിക്കുകയും ചെയ്തു. ആരോടും പിണക്കമില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
ഇതിനിടെ, തെൻറ ഫേസ്ബുക്ക് പോസ്റ്റ് ആരെയും അധിക്ഷേപിക്കാൻ വേണ്ടിയായിരുന്നില്ലെന്നും ഔദ്യോഗിക പാനലിനെ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്ക് മറുപടിയായി സിദ്ദീഖ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിനുമുമ്പ് പലരും പലതും പറഞ്ഞിട്ടുണ്ടെങ്കിലും ഇനി തങ്ങൾ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുകയെന്ന് മണിയൻപിള്ള രാജുവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.