കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ (എഫ്.ഇ.ഒ.യു.കെ) നിന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. ഫിയോക് ചെയര്‍മാനായ നടന്‍ ദിലീപിന് രാജിക്കത്ത് നല്‍കിയതായാണ് വിവരം. സംഘടനയുടെ വൈസ് പ്രസിഡൻറുകൂടിയാണ് ആൻറണി. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം മരക്കാര്‍ അറബി കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനിൽക്കെയാണ് ആന്റണി പെരുമ്പാവൂരിന്റെ രാജിയുടെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഫിയോക്ക് യോഗം ചേരാനിരിക്കെയാണ് രാജി. മരക്കാര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യണമെങ്കില്‍ തിയേറ്റര്‍ ഉടമകളുടെ ഭാഗത്ത് നിന്ന് നിരവധികാര്യങ്ങൾ ഉറപ്പ് നല്‍കണമെന്ന് ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു.
'താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം. മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ തന്നോട് ആരും തന്നെ ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടന്നത് എല്ലാം 'മോഹന്‍ലാല്‍ സാറുമായുമാണ്' എന്നും രാജി കത്തില്‍ പറയുന്നു. നൂറ് കോടിയ്ക്കുമുകളില്‍ ചെലവ് വരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളില ഒന്നാണ്.
നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ സിനിമയുടെ റിലീസ് തിയതി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. 5000 സ്‌ക്രീനുകളില്‍, അഞ്ചു ഭാഷകളിലായി, 2020 മാര്‍ച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാര്‍ തിയേറ്ററില്‍ എത്തിക്കാനിരിക്കവെയാണ് കോവിഡ് പൊട്ടിപ്പുറപ്പെടലും തൊട്ടുപിന്നാലെ ലോക്ക്ഡൗണും വന്നത്. ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തില്‍ മരയ്ക്കാറും ഉള്‍പ്പെട്ടു.
കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മരക്കാര്‍ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ നിരവധി നിബന്ധനകളും ആന്റണി മൂന്നോട്ടുവെച്ചിരുന്നു. തിയേറ്റര്‍ ഉടമകള്‍ അഡ്വാന്‍സ് ആയി തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നും ഉള്‍പ്പെടെ നിരവധി ആവശ്യങ്ങളാണ് ആന്റണി മുന്നോട്ടു വെച്ചത്.
ഇതോടൊപ്പം സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് മിനിമം ഗ്യാരണ്ടി വേണമെന്നും ആന്റണി ഫിലിംചേംബര്‍ ഭാരവാഹികളെ അറിയിച്ചു. ഓരോ തിയേറ്റര്‍ ഉടമകള്‍ 25 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണം. നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ ലാഭം ഉണ്ടായാല്‍ അതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നിബന്ധനകള്‍ അംഗീകരിക്കാൻ നിരവധി തീയറ്റർ ഉടമകൾ വിസമ്മതിച്ചിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍ തിയേറ്റര്‍ തുറന്നപ്പോഴും മരയ്ക്കാര്‍ മാര്‍ച്ച് മാസം റിലീസ് പറഞ്ഞെങ്കിലും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാറ്റിവയ്ക്കേണ്ടി വന്നു. കുറച്ച് ദവസങ്ങള്‍ക്ക് മുന്‍പാണ് മരക്കാര്‍ ഒടിടി റിലീസ് ആയി എത്തിയേക്കുമെന്ന വിവരം ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളെ അറിയിച്ചത്.
തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനം വന്നതിന് പിന്നാലെ ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. മരക്കാരിന്റെ റിലീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകളും രംഗത്തെത്തിയിരുന്നു.ആന്റണി പെരുമ്പാവൂരിനെയും പൃഥ്വിരാജനെയും വിലക്കിയെന്ന തരത്തിലും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.