അന്ന ബെൻ, അർജുൻ അശോകൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ അച്യുത് വിനായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ത്രിശങ്കു'. കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ.
സേതുവും മേഘയും ഒളിച്ചോടി വിവാഹം കഴിക്കാൻ തീരുമാനിക്കുന്ന അന്നേ ദിവസം സേതുവിൻറെ സഹോദരി മറ്റൊരാളോടൊപ്പം ഒളിച്ചോടുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് 'ത്രിശങ്കു'വിൽ ചുരുളഴിയുന്നത്. സേതുവിനെ അർജുൻ അശോകനും മേഘയെ അന്ന ബെന്നും അവതരിപ്പിക്കുന്നു. മേയ് 26 നാണ് 'ത്രിശങ്കു' തിയറ്ററുകളിൽ എത്തുന്നത്.
'അന്ധാധൂൻ', 'മോണിക്ക ഒ മൈ ഡാർലിംഗ്' തുടങ്ങിയ സിനിമകളാൽ ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് 'ത്രിശങ്കു'. സഞ്ജയ് രൗത്രേയും സരിതാ പാട്ടീലുമാണ് നിർമാതാക്കൾ. ഇന്ത്യൻ നവതരംഗ സിനിമാ സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിന്റെ മെൻ്റർ. മാച്ച്ബോക്‌സ് ഷോട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
"ജനപ്രിയതാരനിരയും കഥയും കൊണ്ട് 'ത്രിശങ്കു' എല്ലാ പ്രായക്കാരെയും രസിപ്പിക്കുമെന്ന് നിർമാതാവ് സഞ്ജയ് റൗത്രേ പറഞ്ഞു. ചിത്രത്തിലെ ഒളിച്ചോട്ടത്തിന്റെ ത്രസിപ്പിക്കലുകളും കുടുംബരംഗങ്ങളുടെ വൈകാരികതയും പ്രേക്ഷകരെ ചിത്രം തീർച്ചയായും തിയറ്ററിൽ പിടിച്ചിരുത്തും", അദ്ദേഹം അഭിപ്രായപ്പെട്ടു.
" 'ത്രിശങ്കു'വിലെ കഥയും കഥാപാത്രങ്ങളും സാധാരണപ്രേക്ഷകർക്ക് പരിചിതരാണെന്നും ഒപ്പം മലയാളസിനിമയുടെ വിഷയവൈവിധ്യവും മനോഹാരിതയും കൊണ്ടുതന്നെ മറ്റേത് ഭാഷയിലുള്ളവർക്കും ചിത്രം സ്വീകാര്യമാകുമെന്നു നിർമ്മാതാക്കളെന്ന നിലയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്" നിർമാതാവ് സരിത പാട്ടീൽ പറഞ്ഞു.
സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, ഫാഹിം സഫർ, ശിവ ഹരിഹരൻ, കൃഷ്ണകുമാർ, ബാലാജി മോഹൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠം. പാട്ടുകളും പശ്ചാത്തല സംഗീതവും ജെകെയുടേതാണ്. ധനുഷ് നായനാർ ആണ് സൗണ്ട് ഡിസൈൻ. ഇ4എന്റർടൈൻമെന്റിലൂടെ എ.പി ഇന്റർനാഷണൽ ആണ് ചിത്രം വിതരണം ചെയ്യുന്നത്. തിങ്ക് മ്യൂസിക് ആണ് ഗാനങ്ങൾ റിലീസ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.