പാക് ഗായകന്‍ ആത്തിഫ് അസ്‌ലം ഷെയ്ന്‍ നിഗത്തിന്റെ 'ഹാലി'ലൂടെ മലയാളത്തിലേക്ക്

'ആദത്', 'വോ ലംഹേ', 'പെഹലീ നസര്‍ മേം', 'തേരാ ഹോനേ ലഗാ ഹൂം' തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യന്‍ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട പാക് ഗായകന്‍ ആത്തിഫ് അസ്‌ലം മലയാളത്തിലേക്ക്. ജെ വി ജെ പ്രൊഡക്ഷൻസ് നിര്‍മ്മിച്ച് പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന ഷെയ്ന്‍ നിഗം ചിത്രമായ 'ഹാലി'ലൂടെയാണ് ആത്തിഫ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിദേശത്തുവച്ച് ഗാനത്തിന്റെ റെക്കോര്‍ഡിങ് പൂര്‍ത്തിയായെന്നും, ആത്തിഫിനൊപ്പം ഗാനം ആലപിക്കുന്നത് പ്രശസ്തയായ ഒരു ഗായികയുമാണെന്നാണ് സൂചന.

ഏഴു വര്‍ഷത്തിനു ശേഷമാണ് ആത്തിഫ് ഒരു ഇന്ത്യന്‍ സിനിമക്ക് വേണ്ടി പിന്നണി പാടുന്നത്. പാക് കലാകാര്‍ക്ക് സുപ്രീംകോടതി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ഒക്ടോബറിലാണ് പിന്‍വലിച്ചത്. നവാഗതനായ നന്ദഗോപന്‍ വി ആണ് സംഗീത സംവിധാനം. മൃദുല്‍ മീറും നീരജ് കുമാറും ചേര്‍ന്നാണ് വരികൾ രചിച്ചിരിക്കുന്നത്.

സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന 'ഹാല്‍' ഒരു പ്രണയകഥയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഷെയ്ൻ നിഗത്തിന്റെ സമീപകാല ചിത്രങ്ങളിൽ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ്. മെയ് ആദ്യവാരം കോഴിക്കോട് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. കോഴിക്കോട്, മൈസൂർ, ജോർദ്ദാൻ തുടങ്ങിയ ലൊക്കേഷനുകളിൽ ചിത്രീകരണം നടക്കും. തമിഴ് ചിത്രമായ മദ്രാസക്കാരൻ പൂർത്തിയാക്കി മെയ് ആദ്യവാരത്തോടെ ഷെയ്ൻ നിഗം ചിത്രത്തിൽ ജോയിൻ ചെയ്യും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ഒരേ സമയം റിലീസ് പ്ലാൻ ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആണ്.

ചിത്രത്തിന്റെ ക്യാമറ - കാർത്തിക് മുത്തുകുമാർ, കലാസംവിധാനം - പ്രശാന്ത് മാധവ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, മേക്കപ്പ് - അമൽ ചന്ദ്രൻ, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായൺ, വിഎഫ്എക്സ് - ഡിടിഎം (ഡിജിറ്റല്‍ ടര്‍ബോ മീഡിയ), ഡിസൈൻസ് - യെല്ലോ ടൂത്ത്, പിആര്‍ഒ - ആതിര ദില്‍ജിത്ത്

Tags:    
News Summary - Atif Aslam Makes Mollywood Debut With The Musical Love Story ‘Haal’ Starring Shane Nigam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.