മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതോടെ ഷൂട്ടിങ് തിരക്കുകൾ മാറ്റിവെച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. തമിഴ് സൂപ്പർ സംവിധായകൻ ആറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിനാണ് ഒക്ടോബർ മാസത്തിൽ ഷാരൂഖ് ഷെഡ്യൂൾ നൽകിയിരുന്നത്.
തെന്നിന്ത്യൻ താരസുന്ദരി നയൻ താരയാണ് ചിത്രത്തിൽ നായിക. ചിത്രത്തിന്‍റെ ഷൂട്ടിങ് സെപ്റ്റംബർ ആദ്യേത്താടെ ആരംഭിച്ചിരുന്നു. എന്നാൽ, മകന്‍റെ കേസുമായി ബന്ധപ്പെട്ട് ഷൂട്ടിങ്ങിൽനിന്ന് വിട്ടുനിൽക്കുകയാണ് ഇപ്പോൾ കിങ് ഖാൻ.
ഒക്ടോബർ രണ്ടുമുതൽ കുമ്പല്ല ഹില്ലിലെ ബി.ഡി പെറ്റിറ്റ് പാർസീ ജനറൽ ആശുപത്രിയിൽ വിപുല ആക്ഷൻ സീനുകളായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. ഈ സീനുകളുടെ ചിത്രീകരണം മുടങ്ങിയെങ്കിലും ഷാരൂഖ് ഇല്ലാത്ത സീനുകളുടെ ചിത്രീകരണം പുരോഗമിക്കുന്നതായാണ് പുതിയ വിവരം.
ഒക്ടോബർ രണ്ടിനാണ് ആര്യൻ ലഹരിക്കേസിൽ പിടിയിലാകുന്നത്. മൂന്നിന് താരപുത്രന്‍റെ അറസ്റ്റും രേഖപ്പെടുത്തി. നിലവിൽ ആർതർ റോഡ് ജയിലിലാണ് ആര്യൻ. മുംബൈ കോടതി ജാമ്യം നിഷേധിച്ചതിനാൽ ഒക്ടോബർ 20 വരെ ആര്യൻ ജയിലിൽ തുടരും.
അനിശ്ചിതകാലത്തേക്ക് ഷാരൂഖിന് ചിത്രീകരണത്തിന് എത്താൻ സാധിക്കാത്തതിനാൽ മറ്റു താരങ്ങളുടെ സീനുകളുടെ ചിത്രീകരണം പുരോഗമിച്ചു. നയൻ താരക്ക് പുറമെ ബോളിവുഡ് താരം സുനിൽ ഗ്രോവറിന്റെയും സീനുകൾ ചിത്രീകരിക്കും. ആറ്റ്ലിയുടെ ബിഗ്ബജറ്റ് ബോളിവുഡ് ചിത്രത്തിന്‍റെ പേരുവിവരങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടിട്ടില്ല.
'തുടക്കത്തിൽ ഷൂട്ടിങ് നിർത്തിവെക്കേണ്ടിവരുമെന്ന് കരുതിയിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. അണിയറ പ്രവർത്തകർ മറ്റൊരു സൗത്ത് മുംബൈ ലൊക്കേഷനിലെത്തി. ഷാരൂഖ് ഇല്ലാത്ത സീനുകളുടെ ചിത്രീകരണം ആരംഭിച്ചു. ഷൂട്ടിങ് നിർത്തിവെക്കുന്നത് നിർമാതാക്കൾക്കും അതുപോലെതന്നെ ദിവസവേതനക്കാർക്കും നഷ്ടമുണ്ടാക്കുമെന്നും സൂപ്പർ താരം മനസിലാക്കുന്നു. അടുത്ത ആഴ്ച ആദ്യം വരെ ഈ ഷൂട്ടിങ് പുരോഗമിക്കും' -ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പറയുന്നു.
ബിഗ്ബജറ്റ് വമ്പൻ ചിത്രമായതിനാൽ തന്നെ നിരവധി ഷെഡ്യൂളുകളായി ചിത്രീകരണം ആരംഭിക്കാനായിരുന്നു തുടക്കത്തിൽ തന്നെ അണിയറ പ്രവർത്തകരുടെ തീരുമാനം. കിങ് ഖാൻ ഇരട്ട വേഷത്തിൽ ചിത്രത്തിലെത്തുമെന്നാണ് നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ഇടവേളക്ക് ശേഷം ആറ്റ്ലി ഒരുക്കുന്ന ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.