വിഖ്യാത സംവിധായകൻ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ: ദ് വേ ഓഫ് വാട്ടർ ഡിസംബർ 16നാണ് തിയറ്ററുകളിൽ എത്തിയത്. ഇന്ത്യയിൽ പ്രാദേശിക ഭാഷകളിലടക്കം റിലീസ് ചെയ്ത ചിത്രം, ഇപ്പോഴും പലയിടങ്ങളിലും ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിൽ ആകെ കലക്ഷൻ 300 കോടിയും കടന്ന് കുതിക്കുന്ന ചിത്രം ആഗോള ബോക്സോഫീസിൽ ഒരു ബില്യൺ ഡോളർ പൂർത്തിയാക്കിയത് ദിവസങ്ങൾക്ക് മുമ്പായിരുന്നു. വളരെ കുറച്ച് ഇന്ത്യൻ ചിത്രങ്ങൾ മാത്രമാണ് ഇന്ത്യയിൽ നിന്ന് മാത്രം ഈ വർഷം 300 കോടിയിലധികം നേടിയിട്ടുള്ളത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പണംവാരിയ വിദേശ ചിത്രം അവഞ്ചേഴ്സ് എൻഡ് ഗെയിമാണ് (373 കോടി). ഈ ചിത്രത്തെ അവതാർ മറികടക്കുമോ എന്നാണ് പ്രേക്ഷകരും ട്രേഡ് അനലിസ്റ്റുകളും ഉറ്റുനോക്കുന്നത്.
മൂന്നാം ആഴ്ചയും അവതാറിന് ലോകമെമ്പാടും പ്രേക്ഷകരുണ്ട്. ഈ കുതിപ്പ് തുടർന്നാൽ ആഗോളതലത്തിൽ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായി അവതാർ മാറിയേക്കും. നിലവില ട്രോം ക്രൂസിന്റെ ടോപ് ഗൺ: മാവെറിക് (1.5 ബില്യൺ) ആണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രം.
ഈ വർഷം ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ ഒരു ബില്യൺ ഡോളർ കടന്ന ചിത്രം കൂടിയാണ് അവതാർ രണ്ടാം ഭാഗം. വെറും രണ്ടാഴ്ചകളാണ് ജെയിംസ് കാമറൂൺ ചിത്രത്തിന് ഈ നേട്ടം സ്വന്തമാക്കാൻ വേണ്ടിവന്നത്. ഈ വർഷം നേട്ടം കൈവരിച്ച മറ്റ് രണ്ട് ചിത്രങ്ങളിൽ, മാവെറിക്ക് ആറ് ആഴ്ചയും ജുറാസിക് വേൾഡ്: ഡൊമിനിയൻ ഏകദേശം നാല് മാസവും എടുത്തു.
ചിത്രം 2 ബില്യൺ ഡോളർ നേടുമെന്നാണ് സിനിമാ രംഗത്തെ ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ എക്കാലത്തേയും വലിയ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലെ, ആദ്യ പത്തിൽ അവതാർ: ദ വേ ഓഫ് വാട്ടർ ഇടംപിടിച്ചേക്കും. നിലവിൽ അവതാർ ഒന്നാം ഭാഗമാണ് 2.9 ബില്യൺ ഡോളർ കളക്ഷനുമായി ലോകത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമായി നിലകൊള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.