ഉണ്ണി മുകുന്ദൻ വിഷയത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വിഡിയോയിൽ പ്രതികരിച്ച് നടൻ ബാല. ഉണ്ണി മുകുന്ദൻ യൂട്യൂബറെ ചീത്ത വിളിച്ച സംഭവത്തിൽ ബാലയുടെ പ്രതികരണം എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നും അത് കണ്ട് ചിരി വന്നുവെന്നും ബാല പറഞ്ഞു. തന്റെ പഴയ ചില അഭിമുഖങ്ങളിലെ ക്ലിപ്പുകൾ ചേർത്തുണ്ടാക്കിയതാണ് ആ വിഡിയോ എന്നും ബാല കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പേജിൽ ലൈവിലെത്തിയാണ് ഇക്കാര്യം പറഞ്ഞത്.
'വിഡിയോ കണ്ടു ഞാൻ ചിരിച്ചുപോയി. ഞാൻ എന്തൊക്കെയോ പറഞ്ഞുവെന്നാണ് ന്യൂസ് നൽകിയിരിക്കുന്നത്. ഞാൻ വളരെ വ്യക്തമായി ഒരു സ്റ്റേറ്റ്മെൻറ്റ് കൊടുത്തിരുന്നു. മീഡിയ ഇല്ലെങ്കിൽ നടൻ ഇല്ല, നടൻ ഇല്ലെങ്കിൽ മീഡിയ ഇല്ല എന്നാണ് ഞാൻ പറഞ്ഞത്. നമ്മളെല്ലാം കുടുംബം പോലെ ഒന്നിച്ചു പോണമെന്ന രീതിയിലാണ് സംസാരിച്ചത്. ഞാൻ ഇന്റർവ്യൂ കൊടുത്തു എന്ന നിലയിൽ എന്റെ പഴയ വിഡിയോയിൽനിന്ന് എന്തെല്ലാമോ എടുത്ത് വെട്ടിവച്ച് കൊണ്ടാണ് അത് ചെയ്തത്'; ബാല പറയുന്നു.
ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ. ആ യൂട്യൂബ് വ്ലോഗറും നല്ല മനുഷ്യനാണ്. എനിക്ക് അറിയാം. ഫോണിൽ സംസാരിച്ചിട്ടുണ്ട്. വളരെ മാന്യമായിട്ടാണ് എന്നോട് സംസാരിച്ചത്. ഞാനൊക്കെ പൊട്ടിത്തെറിക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്. ഇപ്പോഴും അങ്ങനൊരു മാനസികാവസ്ഥയുണ്ട്. പക്ഷെ ഒരു നടനാകുമ്പോൾ ഞാൻ ഈ സമൂഹത്തിന് ഒരു ഉദാഹരണമാണ്.
എന്നെ കുട്ടികൾ മുതൽ മുതിർന്നവർ വരെ കാണുന്നതാണ്. അതുകൊണ്ട് നമ്മൾ പറയുന്ന വാക്കുകൾ എക്സാംബിൾ ആയിരിക്കണം. കുറ്റമായി പറയുന്നതല്ല എന്റെ ആഗ്രഹമാണ്. ചിലപ്പോൾ ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം. എന്ത് സിറ്റുവേഷൻ ആണെങ്കിലും കൺട്രോൾ പോകാൻ പാടില്ല' ബാല വ്യക്തമാക്കി.
മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി മുകുന്ദനും യൂട്യൂബ് വ്ലോഗറും തമ്മിലുള്ള വാക്കുതർക്കം സോഷ്യൽ മിഡിയയിൽ വലിയ ചർച്ചയായിരുന്നു.ഭക്തി വിറ്റാണ് ഉണ്ണി മുകുന്ദനും കൂട്ടരും മാളികപ്പുറം സിനിമ പ്രമോട്ട് ചെയ്യുന്നതെന്നായിരുന്നു യൂട്യൂബറുടെ ആരോപണം. തുടർന്ന് ഉണ്ണിയും ഇയാളോട് ചൂടായി. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിശദീകരണവുമായി നടൻ രംഗത്ത് എത്തിയിരുന്നു. അച്ഛനെയും അമ്മയെയും കുറിച്ചും സിനിമയില്‍ അഭിനയിച്ച കുട്ടിയെപ്പറ്റിയും മോശം പറഞ്ഞതിനാലാണ് യൂട്യൂബറോട് വൈകാരികമായി പ്രതികരിക്കേണ്ടി വന്നതെന്നും യൂട്യൂബറോട് മാപ്പ് പറഞ്ഞതായും താരം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.