'എത്രനാൾ മിണ്ടാതിരിക്കും; ഹേമ കമ്മീഷന് സമാനമായ അന്വേഷണം ബംഗാളി സിനിമയിലും വേണം' - റിതാഭരി

ഹേമ കമ്മീഷന് സമാനമായ അന്വേഷണം ബംഗാളി സിനിമ മേഖലയിലും വേണമെന്ന് നടി റിതാഭരി ചക്രവർത്തി. തങ്ങളുടെ സിനിമാ മേഖലയിലും സമാനമായ സംഭവങ്ങൾ നടക്കുന്നുണ്ടെന്നും  പല സ്ത്രീ അഭിനേതാക്കൾക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും റിതാഭരി ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ ഹേമ കമ്മീഷൻ മാതൃകയിലുള്ള അന്വേഷണം ബംഗാളി സിനിമ ലോകത്തും ആവശ്യമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് നടി  അഭ്യർഥിച്ചു.

'മലയാള സിനിമ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങൾ തുറന്നുകാട്ടുന്ന ഹേമ കമ്മീഷൻ റിപ്പോർട്ടിന് സമാനായ നടപടി എന്തുകൊണ്ട് ബംഗാളി സിനിമ ലോകത്ത് സ്വീകരിക്കുന്നില്ലെന്ന് എന്നെ ചിന്തിപ്പിക്കുന്നു. ഇതിൽ വന്ന പലതും എനിക്കുണ്ടായ അല്ലെങ്കിൽ എനിക്കറിയാവുന്ന ചില നടികൾക്ക് ഉണ്ടായ അനുഭവങ്ങൾക്ക് സമാനമാണ്. അത്തരം വൃത്തികെട്ട മനസും പെരുമാറ്റവുമുള്ള നായകൻ, നിർമ്മാതാവ്, സംവിധായകർ തുങ്ങിയവർ അവരുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങൾ നേരിടാതെ ഇവിടെ  തുടരുന്നുണ്ട്. സ്ത്രീകളെ വെറും മാംസങ്ങളായി മാത്രം അവർ കാണുന്നു.

വേട്ടക്കാരെ നമുക്ക് തുടച്ചു മാറ്റണമെന്നാണ് എന്റെ സഹ നടിമാരോട് പറയാനുള്ളത്. ഈ പുരുഷന്മാരിൽ ഭൂരിഭാഗം പേരും സ്വാധീനമുള്ളവരായതിനാൽ നിങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുമോ എന്നുള്ള ഭയമുണ്ടാകുമെന്ന് എനിക്ക് അറിയാം. എന്നാൽ എത്രനാൾ നാം മൗനം പാലിക്കും. വലിയ സ്വപ്നങ്ങളും മോഹങ്ങളുമായി സിനിമയിലേക്ക് വരുന്ന യുവ നടിമാരോട് നമുക്ക് യാതൊരു ഉത്തരവാദിത്തവുമില്ലേ? മമത ബാനർജിയോട്; ഞങ്ങൾക്കും ഹേമ കമ്മീഷന് സമാനമായ അന്വേഷണവും പരിഷ്കരണവും വേണം'- താരം കുറിച്ചു. ബംഗാളിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് റിതാഭരി.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്   സിനിമ മേഖലയിൽ നിന്ന് പുറത്തുവരുന്നത്. സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശമായ അനുഭവം നേരിട്ടതായി മുതിർന്ന ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു. സംവിധായകനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

നേരത്തെ ചില ബംഗാളി സംവിധായകർക്കെതിരെ ശ്രീലേഖ മിത്ര രംഗത്തെത്തിയിരുന്നു.പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. മോശം അനുഭവം നേരിട്ട നടിമാരോട് കാര്യങ്ങൾ തുറന്നു പറയണമെന്നും മൗനം വെടിയണമെന്നും ശ്രീലേഖ പറഞ്ഞിരുന്നു. വ്യക്തികളുടെ ശക്തിയും സ്വാധീനവും കണ്ട് ഭയപ്പെടരുത്. നിങ്ങളോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, പ്രതിഷേധിക്കാൻ ധൈര്യം കാണിക്കണമെന്നായിരുന്നു നടി അഭിമുഖത്തിൽ  പറഞ്ഞത്.

Full View


Tags:    
News Summary - Bengali Actor Ritabhari Chakraborty Reacts To Hema Committee Report: 'We Want Similar Investigation'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.