ഏറ്റവും വലിയ ക്രൈം ചെയ്തത് സാംസ്കാരിക മന്ത്രി, നീതി നാലരക്കൊല്ലം തടഞ്ഞുവെച്ചു -ജോയ് മാത്യു

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിന്‍റെ ഉത്തരവാദി സാംസ്കാരിക വകുപ്പ് മന്ത്രിയാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിലൂടെ ഇരയാക്കപ്പെട്ടവർക്ക് ലഭിക്കേണ്ട നീതി നാലരക്കൊല്ലം തടഞ്ഞുവെച്ചു. അദ്ദേഹം സംഘടിപ്പിക്കുന്ന കോൺക്ലേവിൽ പങ്കെടുക്കില്ല. കോൺക്ലേവ് തട്ടിക്കൂട്ട് പരിപാടിയാണ്. തങ്ങൾ മുന്നോട്ടുവെച്ച ധാർമിക മൂല്യം മനസിലാക്കാൻ കഴിഞ്ഞെങ്കിൽ മുകേഷ് പൊതുപ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കണമെന്നും ‘അമ്മ’ ഭരണസമിതിയിൽനിന്ന് രാജിവെച്ച ശേഷം ജോയ് മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു.

“സിനിമാ കോൺക്ലേവ് തട്ടിക്കൂട്ട് പരിപാടിയാണ്. വ്യക്തിപരമായി പങ്കെടുക്കാൻ താൽപര്യമില്ല. നാലരക്കൊല്ലം കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച ആൾക്കാരല്ലേ ഇത്. ഇതിൽ ഏറ്റവും വലിയ ക്രൈം ചെയ്തത് സാംസ്കാരിക മന്ത്രിയാണ്. ഇരയാക്കപ്പെട്ടവർക്ക് ലഭിക്കേണ്ട നീതി നാലരക്കൊല്ലം തടഞ്ഞുവെച്ചു, അല്ലെങ്കിൽ കൊണ്ടുവരേണ്ട പരിഷ്കാരം നാലരക്കൊല്ലം വൈകിച്ചു. ഉത്തരവാദി സാംസ്കാരിക മന്ത്രിയാണ്. അദ്ദേഹം സംഘടിപ്പിക്കുന്ന കോൺക്ലേവിൽ അമ്മയുടെ ഭാരവാഹിയാണെങ്കിൽ പോലും ഞാൻ പങ്കെടുക്കില്ല.

ഞങ്ങൾ മുന്നോട്ടുവെച്ച ധാർമിക മൂല്യം മനസിലാക്കാൻ കഴിഞ്ഞെങ്കിൽ മുകേഷ് പൊതുപ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കണം. അതിന് മുമ്പ് മറ്റാരെങ്കിലും രാജിവെച്ചില്ല എന്ന ന്യായം നിരത്തുകയല്ല വേണ്ടത്. നമ്മൾ വ്യത്യസ്തരാവുകയല്ലേ വേണ്ടത്. മുകേഷിനോട് അദ്ദേഹത്തിന്‍റെ പാർട്ടിക്കാരാണ് ഇക്കാര്യം ആവശ്യപ്പെടേണ്ടത്.

ഭാരവാഹിത്വത്തിൽനിന്ന് രാജിവെച്ചവരാരും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നില്ല. സംഘടനയിൽനിന്നല്ല, ഭരണ സമിതിയിൽനിന്നാണ് ഞങ്ങൾ രാജിവെച്ചത്. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ സംഘടനക്കുള്ളിൽനിന്ന് പോരാടണമെന്നാണ് നിലപാട്. തെരഞ്ഞെടുക്കപ്പെട്ട് വന്നവരാണ് ഞങ്ങൾ. രാജി വെക്കുമ്പോൾ ‘അമ്മ’യുടെ പല കലാ പ്രവർത്തനങ്ങളും പെട്ടെന്ന് നിന്നതിൽ വിഷമമുണ്ട്. എല്ലാവരും ഒരുമിച്ചാണ് രാജിവെക്കാനുള്ള തീരുമാനം സ്വീകരിച്ചത്.

സംഘടനക്ക് ഇനി വരുന്ന നേതൃത്വം ഇതിനേക്കാൾ മികച്ചതായിരിക്കും, ഒരുപാട് ചെറുപ്പക്കാർ ഇപ്പോൾ സിനിമയിലുണ്ട്. അവർക്ക് ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട പ്രശ്നമുദിക്കുന്നില്ല, സംഘടന അനാഥമല്ല, അതിനാൽ നന്നായി പ്രവർത്തിച്ചാൽ മാത്രംമതി. മോഹൻലാലിനും മമ്മൂട്ടിക്കും എല്ലാ വിഷയത്തിലും പ്രതികരിക്കാൻ കഴിഞ്ഞെന്നു വരില്ല. അമ്മയിലെ കമ്മിറ്റി അംഗങ്ങൾ പ്രതികരിക്കുന്നുണ്ടല്ലോ. ഹേമ കമ്മിറ്റി നിർദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള നടപടികൾ സർക്കാർ തീരുമാനിക്കുമെന്നാണ് കരുതുന്നത്. സെറ്റുകളിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് നിർമാതാക്കളാണ്, ‘അമ്മ’യല്ല” -ജോയ് മാത്യു പറഞ്ഞു.

Tags:    
News Summary - The biggest crime was committed by the Minister of Culture, who withheld justice for four and a half years -Joy Mathew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.