പടിയിറങ്ങേണ്ടി വന്നത് ‘കൊട്ടാരവിപ്ലവ’ത്തിനൊടുവിൽ; ‘അമ്മ’യിൽ ഇനി യുവരാജാക്കന്മാരു​ടെ പട്ടാഭിഷേകം?

തീപിടിച്ച അവസ്ഥയിലൂടെ കടന്നുപോകുന്ന താര സംഘടന എത്തിപ്പെട്ടത് അനിവാര്യമായ വഴിത്തിരിവിലെന്ന് വിലയിരുത്തൽ. എല്ലാ കാലത്തും നിലപാടുള്ളവരെയും യുവനടന്മാരെയും തഴഞ്ഞുകൊണ്ടാണ് ‘അമ്മ’ മുന്നോട്ടു പോയത്. പുരുഷ കേന്ദ്രീകൃതമായ സംഘടനയിൽ ഒരുകാലത്തും സ്ത്രീകൾക്ക് ഒരു പരിഗണനയും ഉണ്ടായിരുന്നില്ല.

സ്ഥാപിതമായ കാലം മു​തൽ സിനിമാ മേഖലയിലെ വമ്പന്മാരും അവരുടെ ശിങ്കിടികളും കൂട്ടാളികളുമൊക്കെ ചേർന്നാണ് സംഘടനയെ അടക്കിഭരിച്ചത്. അവരുടെ താൽപര്യങ്ങൾക്കായിരുന്നു എക്കാലവും പ്രസക്തി. കൂട്ടത്തിലൊരുവൾ ക്രൂരമായ പീഡനത്തിനിരയായിട്ടുപോലും അക്രമികളുടെ താൽപര്യങ്ങൾക്കൊപ്പം നിൽക്കാനായിരുന്നു ‘അമ്മ’യുടെ മുൻഗണന.

എന്നാൽ, കാലമിപ്പോൾ കറങ്ങിത്തെളിയുകയാണെന്നുവേണം കരുതാൻ. നടിക്കെതിരായ ആക്രമണവും പിന്നാലെ ​ഹേമ കമ്മിറ്റി റിപ്പോർട്ടുമായപ്പോൾ വമ്പന്മാരുടെ അടി​വേരിളകിത്തുടങ്ങു​കയാണ്. തിരുവായ്ക്ക് എതിർവായില്ലാതെ എല്ലാം ഉള്ളംകൈയിൽ കൊണ്ടുനടന്ന പ്രതാപശാലികൾക്ക് കാലിടറിയതോടെ വരാനിരിക്കുന്നത് പുതുമയുടെ പുതിയൊരു ലോകമാണെന്ന പ്രത്യാശയിലാണ് ചലച്ചിത്ര മേഖലയിൽ നേരിനുവേണ്ടി നിലകൊണ്ട അപൂർവം പേർ.

ലൈംഗിക ആരോപണം വന്നപ്പോൾ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെക്കേണ്ടി വന്നതിൽ തുടങ്ങുന്നു ആ ഗതിമാറ്റം. പൊതു സമൂഹത്തിന്റെ വ്യാപക എതിർപ്പ് ഉയർന്നപ്പോഴാണ് സിദ്ദീഖിന് രാജി വെച്ചൊഴിയേണ്ടി വന്നത്. അതിലേക്ക് വഴിയൊരുക്കിയത് പലരുടെയും തുറന്നുപറച്ചിലുകളാണ്. ഹേമ കമ്മിറ്റി റി​പ്പോർട്ടിനെ അനുകൂലിച്ച് അമ്മയുടെ അണിയറയിൽ നിന്നുതന്നെ ആളുകളെത്തിത്തുടങ്ങിയപ്പോൾ പാളയത്തിൽ തന്നെ നേതൃത്വത്തിനെതിരെ പടയൊരുക്കത്തിന് വിത്തുമുളക്കുകയായിരുന്നു. ഇരകളായിരുന്നവർക്ക് ധൈര്യപൂർവം കാര്യങ്ങൾ തുറന്നുപറയാൻ ‘അമ്മ’ക്കുള്ളിൽനിന്നു തന്നെ പലരും പ്രചോദനമേകി. ജനറൽ സെക്രട്ടറിയുടെ നാണംകെട്ട പടിയിറക്കത്തിനൊപ്പം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് കസേര വിട്ടൊഴിയേണ്ടിവന്നത് സിനിമയെ അടക്കിഭരിക്കുന്നവർക്ക് കനത്ത തിരിച്ചടിയായിരുന്നു.

ഒടുവിലിതാ പ്രസിഡന്റ് മോഹൻലാൽ മാത്രമല്ല, അമ്മയുടെ ഭരണസമിതി മുഴുക്കെയും രാജിവെച്ചൊഴിഞ്ഞിരിക്കുന്നു. ‘കൊട്ടാര വിപ്ലവ’ത്തിനൊടുവിൽ കാര്യങ്ങൾ തകിടം മറിഞ്ഞപ്പോൾ സംഘടന അക്ഷരാർഥത്തിൽ ഇരുട്ടത്തായി. കോക്കസുകളുടെയും പവർഗ്രൂപ്പിന്റെയും പുളപ്പുകൾക്കും അരുതായ്മകൾക്കും കാലം കാത്തുവെച്ച അനിവാര്യമായ കാവ്യനീതി.

ഉപഗ്രഹങ്ങൾക്കു ചുറ്റും കറങ്ങുന്ന ഒരു കോക്കസ് ​സംഘം മാത്രമായിരുന്നു ‘അമ്മ’ എക്കാലത്തും. ഹേമ കമ്മിറ്റിയിൽ പോലും ‘പവർഗ്രൂപ്പി’നെ പറ്റി പരാമർശമുണ്ട്. നടി ആക്രമിക്കപ്പെട്ടപ്പോൾ തന്നെ ശക്തമായ നിലപാടെടുത്ത പൃഥ്വിരാജിനെ പോലുള്ളവർക്ക് ഒരു കാലത്തും ‘അമ്മ’യിൽ വലിയ റോളില്ലായിരുന്നു. സിദ്ദിഖ്, ഗണേഷ്കുമാർ, ദിലീപ്, മുകേഷ്, ഇടവേള ബാബു, ബാബുരാജ് തുടങ്ങിയവരുടെ ചരടുവലികൾക്കൊപ്പമായിരുന്നു സംഘടന എക്കാലവും നീങ്ങിയത്. ഇവരുടെ ഇഷ്ടക്കാർ മാത്രം വളർന്നുപന്തലിക്കുന്ന വ്യവസായമായി ചലച്ചിത്രലോകം വർഷങ്ങളായി മുന്നോട്ടുപോവുകയായിരുന്നു.

മമ്മൂട്ടിയെയും മോഹൻലാലിനെയും മുന്നിൽ നിർത്തി കോക്കസ് അംഗങ്ങൾ സകല കളികളും നടത്തി. അനുസരിക്കാത്തവരെ ഒതുക്കാനും അവസരം നഷ്ടപ്പെടുത്താനും ഇക്കാലമത്രയും ഇവർക്ക് സാധിച്ചു. കഴിവുള്ള നിരവധി പേരാണ് മനം മടുത്ത് രംഗം വിട്ടത്. അഭിനയ സമ്രാട്ടായ തിലകൻ വരെ പടിക്കുപുറത്തായി. അറിഞ്ഞോ അറിയാതെയോ സൂപ്പർ താരങ്ങൾ കോക്കസ് ​ഗ്രൂപ്പിന് പിന്തുണ നൽകി. നടി ആക്രമിക്കപ്പെട്ടതിനു ശേഷം ദിലീപിനൊപ്പം ‘അമ്മ’ ഉറച്ചു നിൽക്കാൻ കാരണം സംഘടനയിലെ വൻതോക്കുകളുടെ പിന്തുണ തന്നെയായിരുന്നു.

എന്നാൽ, പുതിയ സംഭവവികാസങ്ങളെ തുടർന്ന് അമ്മയിൽ സമവാക്യങ്ങൾ മാറിമറിഞ്ഞത് മോഹൻലാൽ പ്രസിഡന്റായ നിലവിലെ ഭരണസമിതിയുടെ അന്ത്യത്തിന് ആക്കം കൂട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തള്ളി സിദ്ദിഖ് നടത്തിയ പ്രതികരണത്തോട് കടുത്ത വിയോജിപ്പുമായി ആദ്യം രംഗത്തുവന്നത് ജഗദീഷാണ്. പിന്നാലെ അമ്മ ഭാരവാഹികളായ അൻസിബ ഹസനും ജയൻ ചേർത്തലയുമെത്തി. അമ്മയുടെ അയഞ്ഞ നിലപാടിനെ ​ശക്തമായി വിമർശിച്ച് സാക്ഷാൽ ഉർവശിയും രംഗത്തുവന്നതോടെ അത്തരം അഭിപ്രായങ്ങൾക്ക് സ്വീകാര്യത ലഭിച്ചുതുടങ്ങി. ഒടുവിൽ പൃഥ്വീരാജിന്റെ കടന്നാക്രമണവും കൂടിയായതോടെ കാലിനടിയിലെ മണ്ണ് ചോർന്നുപോകുന്നുവെന്ന് അമ്മ ഭാരവാഹികൾക്ക് വ്യക്തമായി. പിന്നണിയിൽനിന്ന് വിനയനും ഷമ്മി തിലകനുമൊക്കെ ആക്രമണം കനപ്പിച്ചു. കൂടുതൽ ആളുകൾ തങ്ങൾക്കെതിരായി മാറുമെന്ന ഭീതിയിൽനിന്നാവണം, ഒടുക്കം ലാലിന്റെയും കൂട്ടരുടെയും പടിയിറക്കം. 

ഇപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്നുകേൾക്കുന്ന പേര് പൃഥ്വീരാജിന്റേതാണ്. പുതിയ കാലത്ത്,  നിലപാടു​കളിലുറച്ച പൃഥ്വിയു​ടെ സംസാരവും ധീരതയു​മാണ് അയാളെ സ്വീകാര്യനാക്കുന്നത്. പൃഥ്വീരാജാവണം പുതിയ പ്രസിഡന്റെന്ന് ശ്വേതാ മേനോനെപ്പോലുള്ളവർ തുറന്നുപറഞ്ഞുകഴിഞ്ഞു. അന്യായങ്ങൾക്കും പീഡനങ്ങൾക്കും ചൂട്ടുപിടിക്കാത്ത പുതുതലമുറയിലെ ആർജവമുള്ള അഭിനേതാക്കളാവണം ഇനി അമ്മയുടെ തലപ്പത്തെന്ന വാദഗതികൾക്ക് പിന്തുണയേറുകയാണ്. എല്ലാം അടക്കിഭരിച്ച താപ്പാനകൾക്ക് ഇനി പിന്നണിയിലേക്ക് മാറുകയേ വഴിയുള്ളൂ. കറപുരണ്ട അവരുടെ മനോഗതികൾക്കുമേൽ, ശരിയുടെ പക്ഷം ചേരാൻ കെൽപുള്ള യുവരാജാക്കന്മാരുടെ പട്ടാഭിഷേകത്തിനാണ് മലയാള സിനിമ കാത്തിരിക്കുന്നത്.


Tags:    
News Summary - He had to step down after the 'palace revolution'; Coronation of young kings in 'Amma'?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.