തിരുവനന്തപുരം: അമിതമായ മേക്കപ്പോ ചമയങ്ങളോ രൂപമാറ്റമോ അല്ല ഒരാളെ മികവുറ്റ നടനും നടിയുമാക്കുന്നതെന്ന് സാഹിത്യകാരനും തിരക്കഥാകൃത്തും മുൻ ജൂറി അംഗവുമായ കെ.വി മോഹൻകുമാർ. ‘കാതലി’ ലെ ആത്മസംഘർഷം അനുഭവിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം മനസ്സിൽ പതിഞ്ഞതായിരുന്നു.
സൂക്ഷ്മാഭിനയ ബോധമുള്ള ഒരു നടനുമാത്രം ആവിഷ്കരിക്കാനാവുന്ന കഥാപാത്രമായിരുന്നു അത്. മമ്മൂട്ടിയത് ഉജ്ജ്വലമാക്കിയെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ‘ഞങ്ങൾ പഠിക്കുന്ന കാലത്ത് സ്‌കൂൾ, കോളജ് നാടകങ്ങളിൽ മുടിയും താടിയും നീട്ടിയ മേക്കപ്പിട്ട ഭ്രാന്തൻ വേഷങ്ങളും കുഷ്ഠരോഗി വേഷങ്ങളും പതിവായിരുന്നു. മിക്കവാറും അക്കൂട്ടരായിരുന്നു അമിതാഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം അടിച്ചു മാറ്റിയിരുന്നത്. വീണ്ടും സ്‌കൂൾ, കോളേജ് നാടകങ്ങളിലേക്കതു തിരിച്ചുവരുമോ എന്നാണ് ഇപ്പോൾ തന്റെ ആശങ്ക’യെന്നും അദ്ദേഹം എഴുതുന്നു.
2023ൽ സെൻസർ ചെയ്ത സിനിമകളിലേറ്റവും മികച്ച സിനിമയായി അനുഭവപ്പെട്ടത് ‘ഉള്ളൊഴുക്ക്’ ആയിരുന്നു. സിനിമയുടെ പരിഗണന മികച്ച നടി എന്നതിൽ മാത്രം ഒതുങ്ങിപ്പോയപ്പോൾ നിരാശതോന്നിയതായും അദ്ദേഹം പറയുന്നു.
2023ൽ സെൻസർ ചെയ്ത സിനിമകളിലേക്കും മികവുറ്റ സിനിമയായി എനിക്ക് അനുഭവപ്പെട്ടത് ‘ഉള്ളൊഴുക്ക്’ ആയിരുന്നു. ഏറ്റവും നന്നായി ആവിഷ്കരിച്ച ചലച്ചിത്രം. ഉർവശിയോടൊപ്പം പാർവ്വതി തിരുവോത്തും ജീവൻ നൽകിയ ആ കഥാപാത്രങ്ങൾ ഉള്ളിൽ പതിഞ്ഞിരുന്നു. മികവുകളുടെ പൂർണ്ണതയായിരുന്നു ക്രിസ്റ്റൊ ടോമിയുടെ ‘ഉള്ളൊഴുക്ക്’. മികവുറ്റ എഡിറ്റിങ്, ഛായാഗ്രഹണം, മികച്ച കഥ , തിരക്കഥ, മഴയുടെ പുറമെയുള്ള ഒഴുക്കിനും കഥാപാത്രങ്ങളുടെ ഉള്ളൊഴുക്കിനും പശ്ചാത്തലമാകുന്ന സംഗീതം...മികവാർന്ന ആ ചിത്രത്തിനുള്ള പരിഗണന മികച്ച നടിയിൽ ഒതുങ്ങിയപ്പോൾ നിരാശ തോന്നി.
സംഗീത സംവിധായകനായ വിദ്യാധരൻ മാഷിന് എഴുപത്തൊൻപതാമത്തെ വയസ്സിലെങ്കിലും സംഗീത സംവിധാനത്തിന് പുരസ്കാരം ലഭിച്ചിരുന്നുവെങ്കിൽ സന്തോഷം തോന്നിയേനേ. പക്ഷെ, അദ്ദേഹത്തെ ഗായകനെന്ന നിലയിൽ പുരസ്‌കാരത്തിന് അർഹനാക്കിയ ആ പാട്ട് കേട്ടപ്പോൾ സഹതാപവും നിരാശയും തോന്നി.
‘തടവ്’ കണ്ടപ്പോഴേ ബീനയുടെ കഥാപാത്രാവിഷ്കാരം ഉള്ളിൽ പതിഞ്ഞിരുന്നു.‘ആട്ടം’ ദേശീയ തലത്തിൽ നേടിയ അംഗീകാരവും ഗംഭീരമായി. അതുപോലെ ‘സൗദി വെള്ളയ്ക്കയും’. രോഹിതിന്റെ തിരക്കഥയും (ഇരട്ട) കിടു ആയിരുന്നു. ‘ആട് ജീവിത’ ത്തിലെ ഹക്കീമായി വന്ന ഗോകുലിന്റേത് അനായാസേനയുള്ള സ്വാഭാവിക അഭിനയമായിരുന്നു. അഭിനന്ദനങ്ങൾ !
ഒരു കഥാപാത്രം ഭാവാവിഷ്കാരങ്ങളിലൂടെ കാഴ്ചക്കാരുടെ ഉള്ളിൽ പതിയുമ്പോഴാണ് നടന്റെ /നടിയുടെ അഭിനയ മികവ്. അമിതമായ മേക്കപ്പോ ചമയങ്ങളോ രൂപമാറ്റമോ അല്ല ഒരാളെ മികവുറ്റ നടനും നടിയുമാക്കുന്നത്. ‘കാതലി’ ലെ ആത്മസംഘർഷം അനുഭവിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം അങ്ങനെ മനസ്സിൽ പതിഞ്ഞതായിരുന്നു. ‘എന്റെ ദൈവമേ’ എന്ന ആ വിളിയും ആ കണ്ണുകളിൽ തെളിഞ്ഞ ദൈന്യവും നിസ്സഹായതയും അതി സൂക്ഷ്മമായ ഭാവാവിഷ്കാരങ്ങളും ഇപ്പോഴും മനസ്സിൽ വിങ്ങുന്നു.
സൂക്ഷ്മാഭിനയ ബോധമുള്ള ഒരു നടനുമാത്രം ആവിഷ്കരിക്കാനാവുന്ന കഥാപാത്രമായിരുന്നു അത്. മമ്മൂട്ടിയത് ഉജ്ജ്വലമാക്കി. പ്രിയനന്ദനന്റെ 'നെയ്ത്തുകാരനി'ലെ അഭിനയത്തിന് നടൻ മുരളിക്ക് മികച്ച നടനുള്ള പുരസ്കരം നൽകിയ സംസ്ഥാന അവാർഡ് ജൂറിയിൽ ഞാനുമുണ്ടായിരുന്നു. ടി.കെ. രാജീവ് കുമാറിന്റെ ‘ശേഷ’ത്തിൽ ജയറാം അവതരിപ്പിച്ച കഥാപാത്രവും അവസാന റൗണ്ടിൽ പരിഗണനയ്ക്കു വന്നു. അന്ന് മുരളിയുടെ അസാധാരണമായ സൂക്ഷ്മാഭിനയമികവും ഭാവാവിഷ്കാരങ്ങളുമാണ് ജയറാമിനേക്കാൾ മുന്നിട്ടു നിന്നതും മുരളിയെ അവാർഡിന് അർഹനാക്കിയതും. പിന്നീട് അതേ വേഷത്തിനു മുരളിക്ക് ദേശീയ അവാർഡും ലഭിച്ചു.
ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് സ്‌കൂൾ / കോളേജ് നാടകങ്ങളിൽ മുടിയും താടിയും മുറ്റിയ മേക്കപ്പിട്ട ഭ്രാന്തൻ വേഷങ്ങളും കുഷ്ഠരോഗി വേഷങ്ങളും പതിവായിരുന്നു. മിക്കവാറും അക്കൂട്ടരായിരുന്നു അമിതാഭിനയത്തിലൂടെ ‘best actor’ പട്ടം അടിച്ചു മാറ്റിയിരുന്നത്. കാലം മാറി. sensibility മാറി. നടന്റെ / നടിയുടെ വൈഭവങ്ങളെക്കുറിച്ചുള്ള പതിവ് സങ്കല്പങ്ങളും മാറി. അതോടെ ഭ്രാന്തൻ വേഷക്കാർക്ക് മികച്ച നടൻ പട്ടം കിട്ടാതായി. വീണ്ടും സ്‌കൂൾ / കോളേജ് നാടകങ്ങളിലേക്കതു തിരിച്ചുവരുമോ എന്നാണെന്റെ ആശങ്ക!
2023ലെ ദേശീയ അവാർഡ് പ്രഖ്യാപിക്കുമ്പോൾ ഈ വിധികളെല്ലാം മാറിമറിഞ്ഞേക്കും!.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.