ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള സ്പാനിഷ് വെബ് സീരീസായ 'മണി ഹീസ്റ്റ്'ന് തുടർച്ച നൽകിക്കൊണ്ട് പ്രധാന കഥാപാത്രങ്ങളിലൊന്നായ 'ബെർലിൻ' കേന്ദ്ര കഥാപാത്രമായി പുതിയ സ്പിൻ-ഓഫ് സീരീസ് പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്. 'മണി ഹീസ്റ്റ് ബര്‍ലിന്‍' എന്നാണ് ഈ വർഷം ഡിസംബർ 29ന് നെറ്റ്ഫ്ലിക്സിൽ അവതരിപ്പിക്കുന്ന സീരീസിന്‍റെ പേര്.
മണി ഹീസ്റ്റിലെ മുഖ്യകഥാപാത്രമായ പ്രഫസറുടെ സഹോദരനാാണ് കൊള്ള സംഘത്തിലെ അംഗമായ ബെർലിൻ. മണി ഹീസ്റ്റിന്‍റെ ആദ്യ ഭാഗത്തിൽ തന്നെ ബെർലിൻ കഥാപാത്രം കൊല്ലപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ഭാഗം പുറത്തിറങ്ങിയപ്പോൾ ഫ്ലാഷ് ബാക്കിലൂടെ ബെർലിൻ നിറഞ്ഞുനിന്നിരുന്നു. മണി ഹീസ്റ്റിലെ കഥ നടക്കുന്നതിന് മുമ്പുള്ള ബെർലിന്‍റെ ജീവിതമാകും പുതിയ സീരീസ് പറയുക.
സങ്കീർണതയുള്ള കഥാപാത്രങ്ങൾ നിറഞ്ഞ മണി ഹീസ്റ്റിലെ എല്ലാവർക്കും ഒരു സ്പിൻ-ഓഫ് സീരീസിന് സാധ്യതയുണ്ടെന്ന് മണി ഹീസ്റ്റ് സൃഷ്ടാവ് അലെക്സ് പിന നേരത്തെ പറഞ്ഞിരുന്നു.
സ്പാനിഷ് താരം പെഡ്രൊ അലൊൻസോയാണ് ബെർലിൻ എന്ന കഥാപാത്രമായി എത്തി ആരാധക പ്രീതി നേടിയത്. മണി ഹീസ്റ്റിൽ കണ്ട മിക്ക കഥാപാത്രങ്ങളും ബെർലിൻ സീരീസിലുമുണ്ടാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.