പ്രേമലു പതിനാല് തവണ കണ്ട ആരാധികക്ക് സമ്മാനവുമായി ഭാവന സ്റ്റുഡിയോസ്. പ്രേമലു ടോപ് ഫാൻ പാസ് ആണ് കൊല്ലം സ്വദേശിയായ ആര്യ .ആർ. കുമാറിന് നൽകിയത്. ഇനി ടിക്കറ്റില്ലാതെ ആര്യക്ക് എത്ര തവണ വേണമെങ്കിലും പ്രേമലു തിയറ്ററിൽ പോയി കാണാം. ആര്യയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഭാവന സ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്തുള്ള ആര്യയുടെ വീട്ടിലെത്തിയാണ് ഈ സ്‌പെഷൽ സമ്മാനം കൈമാറിയത് . 'താങ്ക് യു ഭാവന സ്റ്റുഡിയോസ്. ഇനി ഞാൻ പ്രേമലു കണ്ട് കണ്ട് മരിക്കും' പാസ് ലഭിച്ച ശേഷം ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത പ്രേമലു തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിനോടകം 75 കോടിയിലധികമാണ് ആഗോളതലത്തിൽ നിന്ന് സമാഹരിച്ചിരിക്കുന്നത്. വൈകാതെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. നസ്ലിൻ, മമിത് ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവർ പ്രധാനവേഷത്തിലത്തിയ ചിത്രം നിർമിച്ചിരിക്കുന്നത് ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ്. സൗഹൃദവും പ്രണയവും രസകരമായി അവതരിപ്പിച്ച ചിത്രം യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചിട്ടുണ്ട്.
അതേ സമയം പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായിട്ടുണ്ട്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയായത് കൊണ്ട് കേരളത്തിൽ തീർത്ത തരംഗം തെലുങ്കിലും ആവർത്തിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. മാർച്ച് എട്ടിനാണ് തെലുങ്ക് പതിപ്പ് തിയറ്ററിൽ എത്തുന്നത്. സംവിധായകൻ എസ്. എസ് രാജമൗലിയുടെ മകൻ എസ്. എസ് കാര്‍ത്തികേയ ആണ് പ്രേമലു തെലുങ്കിൽ വിതരണത്തിന് എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.