സെലിബ്രിറ്റിക്കല്ല, പ്രവർത്തകനാണ് സീറ്റ് നൽകുക; ഹിമാചലിൽ കങ്കണക്ക് സീറ്റ് നൽകില്ലെന്ന് ബി.ജെ.പി

ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി കങ്കണയെ പരി​ഗണിക്കുന്നില്ലെന്ന് ബി.ജെ.പി. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറാണ് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ചേർന്ന ഉന്നതതല യോ​ഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

'ധർമ്മശാലയിൽ നടന്ന സ്റ്റേറ്റ് ഇലക്ഷൻ കമ്മിറ്റി യോ​ഗത്തിൽ കങ്കണയുടെ പേര് ഒരിക്കലും ഉയർന്നു വന്നിട്ടില്ല. മാണ്ഡി പാർലമെന്റ് മണ്ഡലത്തിലേക്കുള്ള ടിക്കറ്റ് ഒരു പാർട്ടി പ്രവർത്തകനാണ് ലഭിക്കുക. ഒരു സെലിബ്രറ്റിക്കുമല്ല' മുഖ്യമന്ത്രി വ്യക്തമാക്കി.

മാണ്ഡിയുൾപ്പെടെ നാല് മണ്ഡലങ്ങളിലാണ് ഹിമാചൽ പ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മാണ്ഡിയിലെ ഭംബ്ല ​ഗ്രാമമാണ് കങ്കണയുടെ സ്വദേശം. മാണ്ഡിയിലേക്ക്​ നടിയെ പരിഗണിക്കുന്നെന്ന്​ നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. ആദ്യഘട്ട ചർച്ചകൾ പൂർത്തിയായപ്പോൾ കങ്കണയുടെ പേരും പാർട്ടി നേതൃത്വത്തിന്‍റെ സജീവമായ പരിഗണനയിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. കങ്കണ സ്ഥാനാർഥിയാവുന്നതിനോട്​ പാർട്ടിയിലെ ഒരു വിഭാഗത്തിന്​ എതിർപ്പുണ്ടെന്നും​ സൂചനയുണ്ടായിരുന്നു​.

ഒക്ടോബർ 30 നാണ് തെരഞ്ഞെടുപ്പ്. നിലവിൽ നടി മണാലിയിലെ ബം​ഗ്ലാവിലാണ് താമസിക്കുന്നത്. ബി.ജെ.പി അനുഭാവിയായ കങ്കണ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ നേരത്തെ പരന്നിരുന്നു. അതേസമയം താൻ ബിജെപി അനുഭാവിയാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും കങ്കണ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - BJP Says No To Kangana’s Candidature For Mandi Bypoll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.