ഷാറൂഖ് ഖാൻ ചിത്രം ഡങ്കി ’ ഓസ്കറില്‍ മത്സരിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷനായിട്ടാണോ അല്ലെങ്കിൽ പ്രത്യേക വിഭാഗത്തിൽ എൻട്രിയായിട്ടാണോ ചിത്രം എത്തുകയെന്ന കാര്യം വ്യക്തമല്ല. കൂടാതെ ഡങ്കിയുടെ ഓസ്കർ പ്രവേശനത്തെക്കുറിച്ച് ഷാറൂഖ് ഖാനോ അണിയറ പ്രവർത്തകരോ പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
പ്രചരിക്കുന്ന റിപ്പോർട്ട് ശരിയാണെങ്കിൽ ഓസ്കറിലെത്തുന്ന ഷാറൂഖ് ഖാന്റെ മൂന്നാമത്തെ ചിത്രമായിരിക്കും ഡങ്കി. അശുതോഷ് ഗോവാരിയുടെ സ്വദേശ്, 2005 ൽ പുറത്തിറങ്ങിയ പഹേലി എന്നിവയാണ് ഇതിന് മുമ്പ് ഓസ്കർ പട്ടികയിൽ ഇടംപിടിച്ച എസ്. ആർ.കെ ചിത്രങ്ങൾ.
ഷാറൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഡങ്കി 2023 ഡിസംബർ 21നാണ് തിയറ്ററുകളിലെത്തിയത്. പഞ്ചാബിലെ വിദേശ കുടിയേറ്റക്കാരുടെ ഹൃദയഭേദകമായ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഷാറൂഖിനൊപ്പം
ബൊമൻ ഇറാനി, തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. രാജ്കുമാർ ഹിരാനി, ഗൗരി ഖാൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
അഭിജാത് ജോഷി, രാജ്കുമാർ ഹിരാനി, കനിക ധില്ലൻ എന്നിവർ ചേർന്ന് തിരക്കഥ എഴുതിയ ഡങ്കി 2023 ൽ പുറത്തിറങ്ങിയ നടന്റെ മൂന്നാമത്തെ ചിത്രമാണ്. 2018 ൽ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തിന് ശേഷം ബോളിവുഡിൽ നിന്ന് ഇടവേള എടുത്ത നടൻ 2023 ലാണ് സിനിമയിലേക്ക് മടങ്ങി എത്തുന്നത്. കഴിഞ്ഞ വർഷം ആദ്യം പുറത്തിറങ്ങിയ എസ്. ആർ.കെയുടെ പത്താൻ വൻ വിജയമായിരുന്നു. ഇതെ പാതയിൽ തന്നെ ബോളിവുഡിൽ ചരിത്രം കുറിച്ചുകൊണ്ട് ജവാനുമെത്തി. പോയവർഷം ബോക്സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ഷാറൂഖ് ഖാൻ ചിത്രങ്ങളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.