ഹൈദരാബാദ്: റിലീസ് ചെയ്ത് 16 ദിവസത്തിനുള്ളിൽ 1000 കോടി ക്ലബിൽ സ്ഥാനം പിടിച്ച് ജൈത്രയാത്ര തുടരുകയാണ് എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആർ.ആർ.ആർ' (രുധിരം, രണം, രൗദ്രം). ദംഗൽ, ബാഹുബലി ടീ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഗോള തലത്തിൽ 1000 കോടി കളക്ഷൻ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി രാംചരണും ജൂനിയർ എൻ.ടി.ആറും നായക വേഷത്തിലെത്തിയ ആർ.ആർ.ആർ മാറിയിരുന്നു. ഇപ്പോൾ 'ബാഹുബലി'യിലെ വില്ലനായ പൽവാൾ ദേവനെ അവതരിപ്പിച്ച റാണ ദഗുപതി രാജമൗലിയെയും ചിത്രത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
'ഒരു മനുഷ്യൻ വന്ന് ഇത് ഇങ്ങനെയിരിക്കുമെന്ന് പറയുന്നതുവരെ ഒരിന്ത്യ ഒരു സിനിമ എന്നത് ഒരു സ്വപ്നമായിരുന്നു. ക്യാപ്റ്റൻ നിങ്ങൾ ഒരിക്കൽ കൂടി അത് സാധിച്ചിരിക്കുന്നു'-റാണ ട്വിറ്ററിൽ എഴുതി.
ഡോൾബി സിനിമയിൽ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം കൂടിയായിരുന്നു ആർ.ആർ.ആർ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമരാജു (രാംചരൺ) കൊമരം ഭീം (ജൂനിയർ എൻ.ടി.ആർ) എന്നിവരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്.
റിലീസ് ചെയ്ത ആദ്യദിവസം തന്നെ 223 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രത്തിന്റെ ഗ്രോസ്. 450 കോടി രൂപയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. ലോകത്താകമാനം 10,000 സ്‌ക്രീനുകളിലാണ് ആർ.ആർ.ആർ പ്രദർശനത്തിനെത്തിയത്. കേരളത്തില്‍ മാത്രം 500 ലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഡി.വി.വി ദാനയ്യയാണ് 550 കോടി മുടക്ക് മുതൽ പ്രതീക്ഷിക്കുന്ന ചിത്രം നിർമിച്ചത്.
റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയുടെ ബിസിനസ് സ്വന്തമാക്കിയിരുന്നു. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് അവകാശം സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുഗു, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്‌ഗണ്‍, തെന്നിന്ത്യൻ താരങ്ങളായ സമുദ്രക്കനി, ശ്രീയ ശരണ്‍, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്‌ജര്‍ ജോണ്‍സ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തി. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും കെ.കെ. സെന്തില്‍ കുമാർ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. എം.എം കീരവാണിയാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.