ബേസിൽ ജോസഫ്, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി എം.സി ജിതിൽ സംവിധാനം ചെയ്ത ചിത്രമാണ് സൂക്ഷ്മദർശിനി. നവംബർ 22 ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ മികച്ച വിജയമാണ് നേടിയത്. 50 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചിരുന്നു.
തിയറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയ സൂക്ഷ്മദർശിനിയുടെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ഗാഡ്ജറ്റ് 360യുടെ റിപ്പോർട്ട്. സിംപ്ലി സൗത്ത് ഓവർസീസ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ബേസിലിന്‍റേയും നസ്രിയയുടേയും ഇതുവരെ കാണാത്ത മാനറിസങ്ങളും പ്രകടനങ്ങളുമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് പ്രേക്ഷകാഭിപ്രായം. കൂടാതെ ഒട്ടേറെ സർപ്രൈസ് എലമെന്‍റുകളും ചിത്രം പ്രേക്ഷകർക്കായി കാത്തുവെച്ചിട്ടുണ്ട്.
നസ്രിയയും ബേസിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.