ട്രോളൻമാരെ തോൽപ്പിച്ച് നെറ്റ്ഫ്ലിക്സിൽ ഹിറ്റായി സി.ബി.ഐ 5

തിയേറ്ററിലെ പ്രദർശനത്തിന് ശേഷം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത മമ്മൂട്ടിയുടെ സി.ബി.ഐ; ദ ബ്രെയിൻ നെറ്റ്ഫ്ലിക്സിലെ ഹിറ്റ് സിനിമകളുടെ പട്ടികയിൽ. ജൂൺ 13 മുതൽ 19 വരെയുള്ള കണക്കുകൾ പ്രകാരം ലോക സിനിമകളിൽ നാലാമതാണ് സി.ബി.ഐ 5. റിലീസ് ചെയ്ത് തുടർച്ചയായി രണ്ടാമത്തെ ആഴ്ചയും നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ് സിനിമ. ഇതോടെ തിയേറ്റുകളിൽ റിലീസിനെത്തിയ അന്ന് മുതൽ സമൂഹ മാധ്യമങ്ങളിലെ വലിയ തോതിലുള്ള ഡീ ഗ്രേഡിങ്ങിന് വിധേയമായ സിനിമ ഇന്ന് നെറ്റ്ഫ്ലിക്സിലെ മലയാള ചിത്രങ്ങളിൽ ഏറ്റവും വലിയ ഹിറ്റ് സിനിമയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ 28.8 ലക്ഷം ആളുകളാണ് ചിത്രം കണ്ടത്. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ പാകിസ്താൻ, മാലിദ്വീപ്, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം സി.ബി.ഐ 5 ട്രെൻഡിങിലാണ്. ദാ റോത്ത് ഓഫ് ഗോഡ്, സെന്‍തൗറോ, ഹേര്‍ട്ട് പരേഡ് എന്നീ വിദേശഭാഷ ചിത്രങ്ങളാണ് സി.ബി.ഐക്ക് മുന്നിലുള്ളത്. ഹിന്ദി ചിത്രം ഭൂല്‍ഭുലയ്യ 2 സി.ബി.ഐക്ക് ശേഷമാണ്.

എസ്.എന്‍ സ്വാമിയുടെ തിരക്കഥയിൽ കെ. മധുവാണ് സി.ബി.ഐ 5 സംവിധാനം ചെയ്തത്. മമ്മൂട്ടിക്ക് പുറമേ രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിർ, ആശ ശരത്, അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, സായ്കുമാര്‍, ജയകൃഷ്ണന്‍, മുകേഷ്, കനിഹ, പ്രതാപ് പോത്തന്‍, രമേഷ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലെത്തിയിരുന്നു. ജഗതി ശ്രീകുമാരും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തിയിരുന്നു.

Tags:    
News Summary - CBI5 hits Netflix after defeating trolls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.