കലക്ഷൻ കുത്തനെ ഇടിഞ്ഞതോടെ പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ തിയറ്ററിൽനിന്ന് പുറത്തേക്ക്. കഴിഞ്ഞ ദിവസം ബോക്സ് ഓഫിസിൽനിന്ന് 50 ലക്ഷത്തിനടുത്ത് മാത്രമാണ് നേടാനായത്. പുതിയ ചിത്രങ്ങൾ എത്തുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ തിയറ്ററുകളിൽനിന്ന് പുറത്താകും. 600 കോടിയോളം രൂപ മുടക്കി ഒരുക്കിയ സിനിമക്ക് ഇതുവരെ 450 കോടിയോളം മാത്രമാണ് തിരിച്ചുപിടിക്കാനായത്.
രാമായണ കഥ ആസ്പദമാക്കി ഒരുക്കിയ ചിത്രം ജൂൺ 16നാണ് റിലീസ് ചെയ്തത്. ആദ്യ ആഴ്ച മികച്ച കലക്ഷൻ നേടിയ ചിത്രം കഥാപാത്രങ്ങളുടെ അവതരണത്തിന്റെയും നിലവാരം കുറഞ്ഞ വി.എഫ്.എക്സിന്റെയും സംഭാഷണങ്ങളുടെയും പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും രണ്ടാം ആഴ്ച കലക്ഷൻ കുത്തനെ ഇടിയുകയും ചെയ്തിരുന്നു. മൂന്നാം ആഴ്ചയിലേക്ക് കടന്നപ്പോൾ അരക്കോടിയിൽ താഴെയാണ് തിയറ്റർ കലക്ഷൻ. തിയറ്ററുകളിലേക്ക് ആളുകളെ ആകർഷിക്കാൻ ജൂണ്‍ 22, 23 തിയതികളിൽ ടിക്കറ്റ് നിരക്ക് 150 രൂപയായി കുറച്ചും പരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല.
ഓം റൗത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസിന് പുറമെ കൃതി സാനോൺ, സെയ്ഫ് അലി ഖാൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.