ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെയും പശുവിന്റെ പേരിൽ നിരപരാധികളെ കൊലപ്പെടുത്തുന്നതിനെയും കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ നടി സായ് പല്ലവിക്കെതിരെ പരാതി. തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെ നേതാക്കളാണ് നടിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
ഒരു അഭിമുഖത്തിൽ നടി നടത്തിയ പരാമർശത്തിനെതിരെ ഹൈദരാബാദിലെ സുൽത്താൻ ബസാർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 'കശ്മീർ ഫയൽസ്' എന്ന സിനിമയെക്കുറിച്ചും ഗോ രക്ഷ ഗുണ്ടകളുടെ അക്രമത്തെകുറിച്ചും നടത്തിയ അഭിപ്രായപ്രകടനമാണ് ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചത്. അഭിമുഖത്തിന്റെ വിഡിയോ പരിശോധിച്ച് നിയമോപദേശത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കശ്മീരിലെ കൂട്ടകൊലയും പശുവിന്‍റെ പേരിലുള്ള കൊലപാതകവും ഒരു പോലെയാണെന്നായിരുന്നു സായ് പല്ലവി അഭിപ്രായപ്പെട്ടത്. 'വിരാടപൂർവം' എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ അവകാരകന്‍റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് സായ് പല്ലവി തന്‍റെ നിലപാട് വ്യക്തമാക്കിയത്.
'എന്നെ സംബന്ധിച്ചിടത്തോളം അക്രമം ആശയ വിനിമയത്തിന്‍റെ തെറ്റായ രൂപമാണ്. ഒരു നല്ല മനുഷ്യനാകാൻ മാത്രം പഠിപ്പിച്ച നിഷ്പക്ഷ കുടുംബമാണ് എന്‍റേത്. അടിച്ചമർത്തപ്പെട്ടവർ സംരക്ഷിക്കപ്പെടണം. ആരാണ് ശരി ആരാണ് തെറ്റ് എന്ന് എനിക്കറിയില്ല. കശ്മീർ പണ്ഡിറ്റുകൾ എങ്ങനെ കൊല്ലപ്പെട്ടുവെന്ന് കശ്മീർ ഫയൽസിൽ കാണിച്ചു. എന്നാൽ, ലോക്ഡൗൺ സമയത്ത് മുസ് ലിംകളെ അടിച്ചമർത്തുന്നതും അവരെ കൊന്ന ആളുകൾ ജയ് ശ്രീറാം എന്ന് വിളിക്കുന്നതും ഞങ്ങൾ കണ്ടു. ഞാൻ വളർന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്ട്രീയമായി ചാഞ്ഞു നിൽക്കുന്ന കുടുംബത്തിലല്ല. ഇടതോ വലതോ ഏതാണ് ആശയപരമായി ശരിയെന്ന് അറിയില്ല' -സായ് പല്ലവി അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.