പാരിസ്: കാനിൽ ഇന്ത്യൻ സിനിമയെ അടയാളപ്പെടുത്തിയവർക്ക് സിനിമ, രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ അഭിനന്ദന പ്രവാഹം. പായൽ കപാഡിയ സംവിധാനം ചെയ്ത മലയാളി സ്പർശമുള്ള ‘ആൾ വി ഇമാജിൻ ആസ് ലൈറ്റ്’ 77ാം കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ‘ഗ്രാന്‍ പ്രി’ പുരസ്കാരമാണ് നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന ചരിത്രനേട്ടത്തിനും ചിത്രം അർഹമായി.
മലയാളി താരങ്ങളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 11 വിദേശ ചിത്രങ്ങളോട് മത്സരിച്ചാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.
സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ടൊവിനോ തോമസും അദിതി റാവുവും സംവിധായിക ഫറ ഖാനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമുൾപ്പെടെ പ്രമുഖർ അവാർഡ് നേട്ടത്തെ അഭിനന്ദിച്ചു. എല്ലാവരും ഇന്ത്യൻ സിനിമക്ക് അഭിമാനമാണെന്നും അത്ഭുതകരമായ നേട്ടമാണിതെന്നും മമ്മൂട്ടി കുറിച്ചു. ഇന്ത്യൻ സിനിമക്കു സുപ്രധാന നിമിഷമാണിതെന്ന് മോഹൻലാൽ പറഞ്ഞു.
‘ഈ സ്ത്രീകൾ ചരിത്രം രചിക്കുകയാണ്, ഇന്ത്യൻ ചലച്ചിത്ര കൂട്ടായ്മയെ മുഴുവൻ പ്രചോദിപ്പിക്കുകയാണ്.’ എന്നാണ് രാഹുൽ ഗാന്ധിയുടെ കുറിപ്പ്. ‘ചരിത്രപ്രാധാനമായ ഈ സമയത്ത് തന്റെ രാജ്യത്തുനിന്ന് ഉറച്ച ശബ്ദം കേൾക്കുന്നു. ഈ നേട്ടത്തിൽ നമുക്ക് ഒരുമിച്ച് എഴുന്നേറ്റ് നിന്ന് കൈയടിക്കാം. വാട്ട് എ മൊമന്റ്’ എന്നായിരുന്നു അദിതി റാവുവിന്റെ പ്രതികരണം. ഇതു ശരിക്കും അവിശ്വസനീയമായ മുഹൂർത്തമാണെന്ന് സംവിധായിക ഫറാ ഖാൻ പറഞ്ഞു. ‘വാവ് !! ഇന്ത്യൻ സിനിമക്ക് ഇത് അവിശ്വസനീയ നിമിഷം’ എന്ന് നടൻ ടൊവിനോ തോമസ് പറഞ്ഞു. കാനിലെ വേദിയിൽ നാല് ഇന്ത്യൻ സ്ത്രീകളെ ഇങ്ങനെ കാണുന്നത് മാജിക്കലായി തോന്നുന്നെന്നാണ് എഴുത്തുകാരനും ഹാസതാരവുമായ വരുൺ ഗ്രോവർ അഭിപ്രായപ്പെട്ടത്.
മൂന്നു വർഷം മുമ്പ് കാൻ മേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം പായലിന്റെ ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’ നേടിയിരുന്നു. അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മത്സരിച്ച ‘ദ ഷെയിംലെസി’ലെ അഭിനയത്തിലൂടെ അനസൂയ സെൻഗുപ്ത മേളയിലെ മികച്ച നടിയായി. ഛായാഗ്രഹണ മികവിനുള്ള പിയർ അജെന്യൂ പുരസ്കാരം സന്തോഷ് ശിവനും ഏറ്റുവാങ്ങി.
മികച്ച സിനിമക്കുള്ള പാം ദി ഓർ പുരസ്കാരം അമേരിക്കൻ സംവിധായകൻ സീൻ ബേക്കർ സംവിധാനം ചെയ്ത ‘അനോറ’ക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.