കോവിഡിെൻറ രണ്ടാം തരംഗം ഭീതി പടർത്തി വ്യാപിക്കവേ, വിവിധ സംസ്ഥാനങ്ങളിലായി ആളുകൾ ബെഡുകളും ഒാക്സിജനും കിട്ടാതെ വലയുകയാണ്. സമൂഹ മാധ്യമങ്ങളിൽ സഹായമഭ്യർഥിച്ചുകൊണ്ട് നിരവധിയാളുകളാണ് എത്തുന്നത്. എന്നാൽ, പലതും അധികൃതരിലേക്കോ സഹായിക്കാൻ ആഗ്രഹിക്കുന്നവരിലേക്കോ, എത്തുനില്ല എന്നതാണ് വാസ്തവം. സഹായങ്ങൾ ലഭിച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ വീണ്ടും ഷെയർ ചെയ്ത് പോകുന്ന പ്രതിസന്ധിയും നിലനിൽക്കുന്നുണ്ട്. ഇൗ സാഹചര്യത്തിൽ ലക്ഷക്കണക്കിന് ലൈക്കുകളും ഫോളോവേഴ്സുമുള്ള ചില സമൂഹ മാധ്യമ പേജുകൾ അതിെൻറ ഉടമസ്ഥർ ആധികാരികമായ കോവിഡ് വിവരങ്ങൾ പങ്കുവെക്കാനും സഹായങ്ങൾ എത്തിക്കാനുമായി വിട്ടുനൽകുന്നുണ്ട്.
നടൻ ജോൺ എബ്രഹാമും തെൻറ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കോവിഡ് മഹാമാരിയിൽ വലയുന്ന ജനങ്ങളെ സഹായിക്കാനായി വിട്ടുനൽകിയിരിക്കുകയാണ്. താരം തന്നെയാണ് പ്രസ്താവനയിലൂടെ പേജുകൾ രാജ്യമെമ്പാടുമുള്ള എൻ.ജി.ഒകൾക്ക് വിട്ടുനൽകുകയാണെന്ന് പ്രഖ്യാപിച്ചത്. തെൻറ പേജുകളിലൂടെ എൻ.ജി.ഒകൾക്ക് രോഗികളുമായി ബന്ധപ്പെടാമെന്നും അതിലൂടെ അവർക്ക് അവശ്യ സാധനങ്ങളും മറ്റ് സഹായങ്ങളും എത്തിക്കാമെന്നും താരം പറയുന്നു.
"ഒരു രാജ്യം എന്ന നിലയിൽ ഞങ്ങൾ വളരെ ഭീകരമായ അവസ്ഥയാണ് അനുഭവിക്കുന്നത്. കടന്നുപോകുന്ന ഓരോ മിനിറ്റിലും ഓക്സിജൻ, ഐസിയു ബെഡ്, വാക്സിൻ, ചിലപ്പോൾ ഭക്ഷണം എന്നിവപോലും ലഭിക്കാത്ത ഒരുപാട് ആളുകൾ ഉണ്ട്. എന്നിരുന്നാലും, ഈ വേദനയുടെ നാളുകൾ ആളുകളെ ഒരുമിപ്പിക്കാനും പരസ്പരം പിന്തുണയ്ക്കാനും ഒരു മാറ്റം വരുത്താനും ആവശ്യങ്ങൾ നിറവേറ്റാനും സഹായിച്ചിട്ടുണ്ട്''. ഇന്ന് മുതൽ, തെൻറ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രാജ്യമെമ്പാടുമുള്ള എൻജിഒകൾക്ക് കൈമാറുമെന്നും, ഇനിമുതൽ തെൻറ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്യുന്ന എല്ലാ ഉള്ളടക്കങ്ങളും രോഗബാധിതരുമായി ബന്ധപ്പെടുന്നതിനും അവർക്ക് സഹായങ്ങൾ എത്തിക്കുന്നതിനും വേണ്ടിയുള്ളതായിരിക്കുമെന്നും ജോൺ എബ്രഹാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.