കൊച്ചി: സിനിമ താരങ്ങളുടെ പ്രതിഫല തർക്കം ഒത്തുതീർന്നു. പ്രതിഫലം കൂട്ടിയ രണ്ടു താരങ്ങളും നിലപാട് മാറ്റിയതോടെയാണ് പരിഹാരം. പ്രതിഫലത്തിനു പകരം സിനിമ റിലീസായ ശേഷം നിർമാതാവുമായി ലാഭം പങ്കിടാമെന്ന് ടൊവിനോ തോമസും, പ്രതിഫലം 50 ൽനിന്ന് 30 ലക്ഷമായി കുറക്കാമെന്ന് ജോജു ജോർജും സമ്മതിച്ചതായി നിർമാതാക്കൾ അറിയിച്ചു. വ്യാഴാഴ്ച കൊച്ചിയിൽ നടന്ന യോഗത്തിലാണ് പ്രശ്നം തീർപ്പായത്.
താരങ്ങൾ പ്രതിഫലം കുറച്ചില്ലെങ്കിൽ ചിത്രീകരണത്തിന് അനുമതി നൽകില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേരേത്ത സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കക്ക് കത്ത് നൽകിയിരുന്നു. കോവിഡ് മൂലം സിനിമ നിർത്തിവെക്കുന്നതിന് മുമ്പ് ചെയ്ത ചിത്രങ്ങളിലെ വേതനം സംബന്ധിച്ച കരാറിൽനിന്ന് 30 മുതൽ 50 ശതമാനം വരെ കുറവ് വേണമെന്നായിരുന്നു ആവശ്യം. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും ഫെഫ്കയും അനുകൂലമായി പ്രതികരിക്കുകയും ചെയ്തു.
മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ളവർ ഗണ്യമായി കുറച്ചെങ്കിലും ടൊവിനോ തോമസും ജോജു ജോർജും കോവിഡിനു മുമ്പ് വാങ്ങിയതിനെക്കാൾ പ്രതിഫലം ഉയർത്തിയതായി നിർമാതാക്കൾ പറയുന്നു. ഇതോടെ ഇവരുടെ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരുന്നു. പുതിയ സിനിമകളിൽ താരങ്ങളുടെ പ്രതിഫലം പരിശോധിക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.