ആന്റണി വർഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രമാണ് ദാവീദ്. ചിത്രം ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും. ചിത്രത്തിൽ ആഷിഖ് അബുവെന്ന ബോക്‌സറായിട്ടാണ് ആന്റണി വർഗീസ് ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വിജയരാഘവൻ അവതരിപ്പിക്കുന്ന പുത്തലത്ത് രാഘവൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യൻ ബോക്‌സിങ് ചരിത്രത്തിന്റെ തന്നെ ഭാഗമായ പേരാണ് പുത്തലത്ത് രാഘവൻ. കോഴിക്കോട് പൂളാടിക്കുന്ന് എന്ന പ്രദേശത്ത് നിന്ന് നിരവധി ബോക്‌സിങ് താരങ്ങളെ വളർത്തികൊണ്ടു വന്ന ബോക്‌സിങ് ആചാര്യനായിരുന്നു പുത്തലത്ത് രാഘവൻ. മലയാളത്തിൽ ആദ്യമായി ബോക്‌സിങ് പശ്ചാത്തലത്തിൽ ഫാമിലി എന്റർടെയിനറായി ഒരുങ്ങുന്ന 'ദാവീദിൽ' പുത്തലത്ത് രാഘവൻ എന്ന പേരിൽ തന്നെ ഒരു കഥാപാത്രം എത്തുമ്പോളാണ് ചിത്രം യഥാർത്ഥ കഥാപാത്രങ്ങളെയാണോ സിനിമയിൽ അവതരിപ്പിക്കുന്നതെന്ന ചോദ്യം ഉയരുന്നത്.
ഇന്ത്യൻ ബോക്‌സിങ് രംഗത്തേക്ക് പുളാടികുന്ന് എന്ന ഗ്രാമത്തിൽ നിന്ന് നൂറ് കണക്കിന് ആളുകളെയാണ് പുത്തലത്ത് രാഘവൻ തന്റെ പരിശീലന മികവ് കൊണ്ട് എത്തിച്ചത്. രാജ്യത്ത് നിലവിലെ മികച്ച ബോക്‌സിങ് കോച്ചുമാരിൽ പലരും പുത്തലത്ത് രാഘവൻ ശിഷ്യന്മാരായിരുന്നു.
മൂന്ന് പതിറ്റാണ്ടിന്റെ ഇടയ്ക്ക് പുരുഷന്മാരും സ്ത്രീകളുമായി നിരവധി ആളുകളെ അദ്ദേഹം പരിശീലിപ്പിച്ചിരുന്നു. ബോക്സിങ് കേരളത്തിൽ അത്രതന്നെ പ്രചാരം ലഭിച്ചിട്ടില്ലാത്ത കാലത്താണ് രാഘവൻ പൂളാടിക്കുന്നിൽ താത്കാലിക റിംഗ് ഒരുക്കി ക്ലാസ് ആരംഭിക്കുന്നത്. പലരിൽ നിന്നും ഫീസ് പോലും അദ്ദേഹം വാങ്ങിയിരുന്നില്ല.
കിഷ്‌കിന്ധാകാണ്ഡം, പൂക്കാലം, റൈഫിൾ ക്ലബ് തുടങ്ങി സമീപകാലത്തെ നിരവധി ചിത്രങ്ങളിൽ ഞെട്ടിപ്പിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയരാഘവന്റെ തീർത്തും വ്യത്യസ്തമായ വേഷമായിരിക്കും പുത്തലത്ത് രാഘവൻ. ബോക്‌സിങ് രംഗത്തെ കുറിച്ച് നിരവധി പഠനങ്ങൾക്ക് ശേഷമാണ് സംവിധായകൻ ഗോവിന്ദ് വിഷ്ണുവും സംഘവും ദാവീദിന്റെ തിരക്കഥ ഒരുക്കിയത്.
2025 ലെ ആന്റണി പെപ്പെയുടെ ആദ്യ ചിത്രം കൂടിയാണ് ദാവീദ്. ആന്റണി പെപ്പെയ്ക്കും വിജയരാഘവനുമൊപ്പം, സൈജു കുറുപ്പ്, അജു വർഗീസ്, ലിജോ മോൾ, കിച്ചു ടെലസ്, ജെസ് കുക്കു നിരവധി താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ വിദേശ താരങ്ങളും എത്തുന്നുണ്ട്
ബോക്സിങ് പശ്ചാത്തലത്തിൽ ഫാമിലി എൻറർടെയിൻമെൻറായി ഒരുങ്ങുന്ന ചിത്രത്തിന് വമ്പൻ പ്രതീക്ഷകളാണ് ഉള്ളത്. സംവിധായകനും ദീപുരാജീവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സെഞ്ച്വറി മാക്സ്, ജോൺ & മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.