ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ഉണ്ണിമുകുന്ദൻ ചിത്രം മാർക്കോ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് പുതുവത്സര ദിനമായ ബുധനാഴ്ചയാണ് റിലീസ് ചെയ്തത്. 300 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ ഒന്നാം ദിവസം 1.75 കോടി രൂപ തെലങ്ക് ബോക്സ് ഓഫീസിൽനിന്ന് നേടിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു മലയാള ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപണിങ് ഡേ കലക്ഷനാണ് ഇത്. ഹിന്ദി പതിപ്പിന് വമ്പൻ സ്വീകാര്യത ലഭിച്ചതിനു പിന്നാലെയാണ് തെലുങ്കിലും തരംഗമാകുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പ് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.
മലയാളത്തിലെ ഏറ്റവും വലിയ വയലന്റ് ചിത്രമെന്ന ലേബലിൽ ഡിസംബർ 20നാണ് മാർക്കോ റിലീസ് ചെയ്തത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം രണ്ടാം വാരത്തിലും നിറഞ്ഞ സദസ്സിലാണ് മുന്നേറുന്നത്. ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് മാർക്കോക്ക് സെൻസർ ബോർഡ് നൽകിയിരുന്നത്. മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ഒരുക്കിയത്.
ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞ ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലുള്ളത്. ഉണ്ണിയുടേയും ജഗദീഷിന്റേയും അസാധാരണ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. ആൻസൺ പോൾ, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി രാജകൃഷ്ണൻ എം ആർ, കലാസംവിധാനം സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്, പിആർഒ ആതിര ദിൽജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.