ആഴ്ചയിൽ 90 മണിക്കൂർ ജോലി: എൽ&ടി മേധാവിയുടെ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് ദീപിക

മുംബൈ: ആഴ്ചയിൽ 90 മണിക്കൂർ​ ജോലി ചെയ്യണ​മെന്ന എൽ&ടി മേധാവിയുടെ പ്രതികരണത്തെ വിമർശിച്ച് ബോളിവുഡ് നടി ദീപിക പദുക്കോൺ. എസ്.എൻ സുബ്രഹ്മണ്യന്റെ പ്രസ്താവനയേയും പിന്നീട് അത് വിശദീകരിച്ചുള്ള എൽ&ടിയുടെ കുറിപ്പിനെ സംബന്ധിച്ചുമാണ് ദീപികയുടെ പ്രതികരണം.

മുതിർന്ന സ്ഥാനങ്ങളിലിരുന്ന് ചിലർ ഇത്തരം ​​പ്രസ്താവന നടത്തുന്നത് ഞെട്ടലുണ്ടാക്കുന്ന സംഭവമാണെന്നും മാനസികാരോഗ്യമെന്നത് പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും ​ദീപിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സുബ്രഹ്മണ്യന്റെ പ്രസ്താവന​യെ വിശദീകരിച്ച് എൽ&ടി പുറത്തിറക്കിയ കുറിപ്പിലും ദീപിക പ്രതികരിച്ചു. വിഷയം കൂടുതൽ മോശമാക്കുകയാണ് എൽ&ടി ചെയ്തതെന്നായിരുന്നു ദീപികയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

ആഴ്ചയിൽ 90 മണിക്കൂർ സമയം ജോലി ചെയ്യണമെന്ന നിർദേശവുമായി ലാർസൻ ആൻഡ് ടോബ്രോ ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യൻ രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കിൽ ഞായറാഴ്ചത്തെ അവധി പോലും ഒഴിവാക്കി ജീവനക്കാർ ജോലിക്കെത്തണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

ഞായറാഴ്ചകളിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ സാധിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. അതിന് സാധിച്ചാൽ ഞാൻ കൂടുതൽ സന്തോഷിക്കും. കാരണം, ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്? എത്രനേരം നിങ്ങൾ നിങ്ങളുടെ ഭാര്യയെ നോക്കിനിൽക്കും? ഓഫിസിൽ വന്ന് ജോലി തുടങ്ങൂ...​''-എന്നാണ് സുബ്രഹ്മണ്യൻ ജീവനക്കാരോട് പറഞ്ഞത്.

രാഷ്ട്രനിർമാണമാണ് ഞങ്ങളുടെ ദൗത്യത്തിന്റെ കാതൽ. എട്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖല, വ്യവസായങ്ങൾ, സാങ്കേതിക മേഖല എന്നിവ വികസിപ്പിക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു. ഇത് ഇന്ത്യയുടെ ദശകമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പുരോഗതി കൈവരിക്കുന്നതിനും വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും കൂട്ടായ സമർപ്പണവും പരിശ്രമവും ആവശ്യമുള്ള സമയമാണിത്. അസാധാരണമായ ഫലങ്ങൾക്ക് അസാധാരണമായ പരിശ്രമം ആവശ്യമാണെന്ന് ഊന്നിപ്പറയുന്ന ചെയർമാന്റെ പരാമർശങ്ങൾ ഈ വലിയ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നുവെന്നായിരുന്നു ഇതുസംബന്ധിച്ച് എൽ&ടി നൽകുന്ന വിശദീകരണം.

Tags:    
News Summary - Deepika Padukone says L&T ‘made it worse’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.