ബിഗ് ബജറ്റ് തെലുങ്ക് ചിത്രങ്ങളുടെ ഒ.ടി.ടി അവകാശം തൂത്തുവാരി നെറ്റ്ഫ്ലിക്സ്. ഏകദേശം 12 ഓളം തെലുങ്ക് ചിത്രങ്ങളുടെ റൈറ്റാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നത്. പ്രഭാസ്- പൃഥ്വിരാജ് ചിത്രം സലാർ, അല്ലു അർജുന്റെ പുഷ്പ 2, ജൂനിയർ എൻ.ടി. ആറിന്റെ ദേവര എന്നിവയാണ്തിയറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിൽ എത്തുന്ന പ്രധാനപ്പെട്ട ചിത്രങ്ങൾ.
2023 ഡിസംബർ 22 ന് തിയറ്ററുകളിലെത്തിയ സലാർ വിജയകരമായി പ്രദർശനം തുടരുകയാണ്. 270 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതിനോടകം തന്നെ 700 കോടിയലധികം ബോക്സോഫീസിൽ നിന്ന് സമാഹരിച്ചിട്ടുണ്ട്. 162 കോടി രൂപക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. ഉടൻ തന്നെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്ന് നെറ്റ്ഫ്ലിക്സ് ഓദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ: ദ റൂള്‍. ഒന്നാം ഭാഗം പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകികൊണ്ടാണ് അവസാനിച്ചത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 15 നാണ് തിയറ്ററുകളിലെത്തുന്നത്. പുഷ്പ 2ന്റെ ഒ.ടി.ടി റൈറ്റ് വൻ തുകക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്കിനെ കൂടാതെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്.
ജൂനിയർ എൻ.ടി.ആർ ജാൻവി കപൂർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ദേവരയാണ് നെറ്റ്ഫ്ലിക്സിൽ എത്തുന്ന മറ്റൊരു വമ്പൻ ചിത്രം. ദേവരയുടെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയ വിവരം നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ജൂനിയർ എൻ.ടി.ആറിനൊപ്പം ബോളിവുഡ് താരം സെയ്ഫ് അലിഖാനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൊരട്ടല ശിവയാണ് ചിത്രം സംവിധാനം. യുവസുധ ആർട്സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായാണ് എത്തുന്നത്. ഒന്നാം ഭാഗം 2024 ഏപ്രില്‍ 5-ന് തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും.
ബോളിവുഡ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബിഗ് ബജറ്റ് ചിത്രങ്ങൾ പിറക്കുന്നത് തെലുങ്ക് സിനിമ മേഖലയിൽ നിന്നുമാണ്. ഭാഷ വ്യത്യാസമില്ലാതെ പ്രേക്ഷകർ ടോളിവുഡ് ചിത്രങ്ങളെ നെഞ്ചിലേറ്റുകയും ചെയ്യാറുണ്ട്. 2023 മികച്ച ഒരുപിടി ചിത്രങ്ങളാണ് ടോളിവുഡിൽ നിന്ന് തിയറ്ററിലും ഒ.ടി.ടിയിലുമായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.