ഐശ്വര്യ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലാൽ സലാമിന് ആശംസകളുമായി മുൻ ഭർത്താവും നടനുമായ ധനുഷ്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് എക്സിലൂടെയാണ് ആശംസ നേർന്നിരിക്കുന്നത്. 'ലാൽ സലാം ഇന്ന്' എന്നാണ് നടൻ ട്വീറ്റ് ചെയ്തത്. ധനുഷിന്റെ ട്വീറ്റ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറും ധനുഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ലാൽ സലാം ടീമിന് ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു സൂപ്പർ സ്റ്റാർ, തലൈവർ എന്നീ ഹാഷ്ടാഗുകളൊടെ നടൻ ട്രെയിലർ പങ്കുവെച്ചത്. രജനികാന്തിന്റെ ഏറ്റവും വലിയ ആരാധകനാണ് ധനുഷ്. രജനിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജയിലർ തിയറ്ററിലെത്തി നടൻ കണ്ടിരുന്നു.
സ്പോർട്ട്സ് ഡ്രാമ ഴോണറിലൊരുങ്ങുന്ന 'ലാൽ സലാം' സമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ ചൂണ്ടിക്കാട്ടുന്നതാണെന്ന് ട്രെയിലറിലെ ചില ഭാഗങ്ങളിൽ നിന്ന് വ്യക്തമാണ്. ചിത്രത്തിൽ മൊയ്ദീൻ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് ചിത്രത്തിൽ കാമിയോ വേഷത്തിലുണ്ട്. വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാനകഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചിത്രം തിയറ്ററുകളിലെത്തിയിട്ടുണ്ട്.
2022 ലാണ് വേർപിരിയുന്നതിനെക്കുറിച്ച് താരങ്ങൾ വ്യക്തമാക്കിയത്. 'പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താന്‍ തീരുമാനിച്ചു' എന്നാണ് സോഷ്യല്‍മീഡിയയിൽ കുറിച്ചത്. പിന്നീട് ധനുഷിന്‍റെയും ഐശ്വര്യയുടെയും ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നുമുണ്ടായിരുന്നില്ല.
2004ലാണ് ധനുഷും രജനീകാന്തിന്‍റെ മകള്‍ ഐശ്വര്യയും വിവാഹിതരാകുന്നത്. സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്‍റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. ഐശ്വര്യയുടെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പിന്നീട് ധനുഷ് പറഞ്ഞിട്ടുണ്ട്. ഐശ്വര്യ സംവിധാനം ചെയ്ത '3' എന്ന ചിത്രത്തിൽ ധനുഷ് ആയിരുന്നു നായകൻ. ചിത്രം മികച്ച വിജയം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.