'അങ്കമാലി ഡയറീസി'ൽ ആദ്യം നായകനായി പരിഗണിച്ചിരുന്നത് തന്നെയായിരുന്നുവെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. തന്നെ കൂടാതെ അജു വർഗീസ്, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിലുണ്ടായിരുന്നെന്നും കഥ കേട്ടപ്പോൾ തന്നെ തങ്ങൾ ചെയ്താൽ ശരിയാവില്ലെന്ന് തോന്നിയെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞു. അന്ന് ലിജോ ജോസ് ആയിരുന്നില്ല ചിത്രത്തിന്റെ സംവിധായകനെന്നും താരം കൂട്ടിച്ചേർത്തു.
'അങ്കമാലി ഡയറീസിന്റെ കഥ ആദ്യമായി കേട്ട ഒരാളാണ് ഞാൻ. അതും പെപ്പയുടെ റോളിലേക്ക്. ആദ്യം സഞ്ജു ശിവറാമിനെയായിരുന്നു പെപ്പെയുടെ റോളിലേക്ക് പരിഗണിച്ചത്. ടൊവിനോയോടും ആസിഫിനോടുമൊക്കെ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. ചെമ്പൻ ചേട്ടനാണ്(ചെമ്പൻ വിനോദ്)കഥ പറഞ്ഞത്. അന്ന് അജുവും ശ്രീനാഥ് ഭാസിയും ചിത്രത്തിലുണ്ടായിരുന്നു.
അങ്കമാലിക്കാരായ അവർ ചെയ്തതിന്റെ ഗുണം ആ പടത്തിനുണ്ട്. ഒന്ന് അവർ അവിടെ തന്നെ ഉള്ളവരാണ്. ഞങ്ങൾ ചെയ്താൽ ഒരിക്കലും അത് വർക്ക് ആവില്ലെന്ന് എനിക്ക് തോന്നി. കണ്ണൂർ സ്ലാങ്ങൊക്കെ വരും. അതൊരിക്കലും ശരിയാവില്ലല്ലോ.
ഈ ചിത്രം ആദ്യം ചെമ്പൻ ചേട്ടനായിരുന്നു സംവിധാനം ചെയ്യനായിരുന്നത്. അന്ന് ഞാൻ ചെമ്പൻ ചേട്ടനോട് പറഞ്ഞത്, നിങ്ങൾ ഇതൊരിക്കലും സംവിധാനം ചെയ്യരുത്, വേറേ ആർക്കെങ്കിലും കൊടുക്കണമെന്നായിരുന്നു. കാരണം അദ്ദേഹം തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്.അന്ന് ലിജോ ചേട്ടൻ സീനിലേയില്ല. വേറൊരു ആളായിരുന്നു അത് സംവിധാനം ചെയ്യാൻ ഇരുന്നത്. പിന്നെ വിജയ് ചേട്ടൻ എന്നെ വിളിച്ചിട്ട് പുതിയ ആളുകളെ വെച്ച് ചെയ്യാൻ പ്ലാനുണ്ടെന്ന് പറഞ്ഞു. അതായിരുന്നു ചർച്ചയുടെ ഒടുക്കം ഉണ്ടായ തീരുമാനം.
അന്ന് ഞാൻ ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നെങ്കിൽ ഇന്ന് ഞാനുമില്ല ചെമ്പൻ ചേട്ടനുമില്ല. കാരണം ഞങ്ങൾ ആദ്യം ഔട്ടാവും. കാരണം അങ്കമാലിക്കാർ തന്നെ വന്ന് തല്ലിക്കൊല്ലും. അതുകൊണ്ടെന്താ അപ്പാനി ശരത്തിനെയൊക്കെ നമുക്ക് കിട്ടി'-ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
ആന്റണി വർഗീസ്, രേഷ്മ രാജൻ, കിച്ചു തെല്ലസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, ടിറ്റോ വിൽസൺ, അപ്പാനി ശരത് എന്നിവരെ കേന്ദ്രകഥാപത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. ചെമ്പൻ വിനോദ് ആയിരുന്നു ചിത്രത്തിന്റെ രചന. 2017 ൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.