കടപ്പാട്​: Twitter

ബോളിവുഡ്​ ഇതിഹാസം ദിലീപ്​ കുമാർ അന്തരിച്ചു

മുംബൈ: ബോളിവുഡ്​ ഇതിഹാസം ദിലീപ്​ കുമാർ(98) അന്തരിച്ചു. ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ.പാർക്കറാണ്​ മരണവിവരം സ്ഥിരീകരിച്ചത്​. കഴിഞ്ഞ ബുധനാഴ്ച ശ്വാസതടസത്തെ തുടർന്നാണ്​ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഈ മാസം ഇത്​ രണ്ടാം തവണയാണ്​ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​.

വെള്ളിത്തിരയിലെ എക്കാലത്തെയും അഭിനയകുലപതിയാണ് മുഹമ്മദ് യൂസഫ് ഖാൻ എന്ന ദിലിപ് കുമാർ. അദ്ദേഹത്തിന്റെ അഭിനയ സിദ്ധിയുടെ ഒരംശമെങ്കിലും ഇല്ലെങ്കിൽ ബോളിവുഡിൽ താരമാകുക അസാധ്യമെന്ന് ഒരു ചൊല്ലു തന്നെ ബോളിവുഡിലുണ്ടായിരുന്നു. ബച്ചൻ തലമുറ മുതൽ പുത്തൻ തലമുറയിലെ താരങ്ങളിൽ വരെ അത് പ്രകടവുമാണ്. വെട്ടിത്തിളങ്ങുന്ന ദിലിപ് കുമാറിന്റെ തിളക്കം അല്പം മോഷ്ടിച്ചാണ് ഞാനെന്റെ മോഹങ്ങൾക്ക് തിരികൊളുത്തിയതെന്ന് ഒരിക്കൽ ധർമ്മേന്ദ്ര പറഞ്ഞു. ദിലിപ് കുമാറിന്റെ ചിട്ടയായ അഭിനയ പാടവം ഇന്നും കൗതുകത്തോടെ കണ്ടു പഠിക്കുകയാണ് അമിതാഭ് ബച്ചൻ. ദിലിപ് കുമാറിന് മുമ്പും ശേഷവും എന്ന വിധം അഭിനയ ചരിത്രം രേഖപ്പെടുത്തപ്പെടണമെന്നും ബച്ചൻ ആഗ്രഹിക്കുന്നു

പഴക്കച്ചവടക്കാരനായ ലാലാ ഗുലാം സർവർഖാ​െൻറയും അയേഷ ബീഗത്തി​െൻറയും 12 മക്കളിൽ ഒരാളായി ​പാകിസ്​താനിലെ പെഷാവറിൽ 1922 ഡിസംബർ 11ന്​ ജനിച്ചു. പെഷവാറിൽ ജനിച്ച് നാസിക്കിലെ ദേവ് ലാലിയിൽ വളർന്ന യൂസുഫ് ഖാൻ 1943 ൽ പിതാവുമായി പിണങ്ങി ആദ്യം പൂണെയിലും പിന്നീട് മുംബൈയിലും എത്തുകയായിരുന്നു. നിത്യ ചിലവിനു ജോലിതേടി ചെന്നതാകട്ടെ ദേവിക റാണിയുടെ ബോംബെ ടാക്കീസിൽ. പ്രതിമാസം 1250 രൂപ ശമ്പളത്തിൽ ജോലികിട്ടി. അന്ന് വെള്ളിത്തിരയിൽ തിളങ്ങിനിൽക്കുന്ന നാസിക്കിലെ തന്‍റെ കളിക്കൂട്ടുകാരനായിരുന്ന രാജ് കപൂറിനേക്കാൾ കൂടിയ ശമ്പളം. യൂസുഫ് ഖാനെ ദിലിപ് കുമാർ ആക്കി 1944 ൽ ജവർ ഭാട്ട എന്ന ചിത്രത്തിലെ നായകനാക്കിയത് ദേവിക റാണിയാണ്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 65 സിനിമകളിൽ വേഷമിട്ടിട്ടുണ്ട്​. തന്‍റെ സിനിമ അഭിനയം കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കരുത് എന്നുകരുതിയാണ് ദിലീപ് കുമാർ എന്ന പേര് സ്വീകരിച്ചതെന്നും പറയപ്പെടുന്നു. രാജ്യം പത്​വിഭൂഷൺ നൽകി ആദരിച്ച ദിലീപ്​ കുമാറിന്​ ദാദ സാഹേബ്​ ഫാൽക്കെ അവാർഡും ലഭിച്ചിട്ടുണ്ട്​. പാകിസ്​താന്‍റെ  പരമോന്നത പുരസ്​കാരമായ നിഷാനേ ഇംതിയാസ്​ പുരസ്​കാരവും ​അദ്ദേഹത്തിന്​ ലഭിച്ചു.

ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടനും ദിലീപ്​ കുമാറാണ്​. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ദാദാ ഫാൽകേ അവാർഡും പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. ഭാര്യ: പ്രശസ്‌തതാരം സൈറാ ബാനു. ദേവദാസ്‌, ആസാദ്‌, മുഗൾ ഇ അസം, ഗംഗാ യമുനാ, രാം ഔർ ശ്യാം, ശക്‌തി, കർമ, ഊദാഗർ തുടങ്ങിയ ദിലീപ്‌ കുമാറിന്റെ പ്രശസ്‌ത സിനിമകളാണ്‌.

Tags:    
News Summary - Dileep Kumar Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.