സിനിമ വിജയിപ്പിക്കാൻ മതത്തെ കൂട്ടുപിടിച്ച ‘ആദി പുരുഷ്’ അണിയറപ്രവർത്തകർ വീണ്ടും വെട്ടിൽ. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെ ഉണ്ടായൊരു സംഭവമാണ് ഒരു വിഭാഗത്തെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. തിരുപ്പതി ശ്രീ വെങ്കടേശ്വര യൂനിവേഴ്‌സിറ്റി സ്റ്റേഡിയം താരകരാമ പവലിയനില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പ്രീ റിലീസ് നടന്നത്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വച്ച് സംവിധായകന്‍ ഓം റൗട്ട് നടി കൃതി സനോണിനെ ചുംബിച്ചിരുന്നു. ചടങ്ങിന് ശേഷം യാത്ര പറയുമ്പോഴാണ് ഓം റൗട്ട് കൃതിയെ ആലിംഗനം ചെയ്ത് ചുംബിച്ചത്. ഇത് ഒരുവിഭാഗത്തെ പ്രകോപിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ സിനിമാപ്രവർത്തകരെ വിമർശിച്ച് ബി.ജെ.പി നേതാവ് രമേഷ് നായിഡു നഗോത്തു രംഗത്തെത്ച്യിരുന്നു. പരിപാവനമായ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് മുന്നില്‍, പൊതുസദസിൽ ഇങ്ങനെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് നായിഡു ട്വീറ്റ് ചെയ്തത്. ഇതിന്‍റെ പേരില്‍ സംവിധായകനെയും നടിയെയും വിമര്‍ശിച്ച് പലരും രംഗത്ത് എത്തി.
ഇപ്പോഴിതാ പഴയ രാമായണം സീരിയലിൽ സീതയായി അഭിനയിച്ച നടി ദീപിക ചിഖ്ലിയ ആദിപുരുഷ് നായിക കൃതി സനോണിനെയും സംവിധായകനെയും വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. കൃതി സനോണിന്റെയും ഓം റൗട്ടിന്റെയും പ്രവര്‍ത്തി അനുചിതമാണെന്നാണ് ദീപിക പറയുന്നത്. ഇന്നത്തെ അഭിനേതാക്കൾക്ക് ഒരു കഥാപാത്രമായി ജീവിക്കാനോ അതിന്റെ വികാരങ്ങൾ മനസ്സിലാക്കാനോ കഴിയുന്നില്ലെന്നും പണ്ടൊക്കെ ചുംബിക്കുന്നത് പോയിട്ട് കെട്ടിപ്പിടിക്കുന്നതുപോലും അസാധ്യമായിരുന്നു എന്നാണ് ദീപിക പറയുന്നത്.
‘രാമായണം ഇപ്പോഴത്തെ തലമുറയ്ക്ക് മറ്റൊരു സിനിമ മാത്രമാണ്. ഇപ്പോള്‍ വിവാദമായ സംഭവം ചെറിയ കാര്യമായി അവര്‍ കരുതിയേക്കാം. താരങ്ങള്‍ ആത്മാവിൽ താന്‍ ചെയ്യുന്ന കഥാപാത്രത്തെ അനുഭവിച്ചറിയുന്നത് അപൂർവമാണ്’-ദീപിക ചിഖ്ലിയ പറഞ്ഞു. ‘കൃതി സനോൻ ന്യൂജനറേഷന്‍ അഭിനേത്രിയാണ്. അവരുടെ സോഷ്യൽ സർക്കിളിലുള്ളവരെ കെട്ടിപ്പിടിക്കുകയോ ചുംബിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. സീതയെ അവതരിപ്പിച്ച കാലത്ത് എനിക്ക് അതൊരു കഥാപാത്രം മാത്രമായിരുന്നില്ല’- ദീപിക പറഞ്ഞു. വൻ ബജറ്റിൽ പ്രഭാസ് ആണ് നായകനായി എത്തുന്ന സിനിമയാണ് ആദിപുരുഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.