'ആ വാക്ക്​ പാലിക്കാതെ വേണുവേട്ടൻ പോയി'; അനുസ്മരിച്ച്​ സംവിധായകൻ ഡോ. ബിജു

അന്തരിച്ച നടന്‍ നെടുമുടി വേണുവിനെ അനുസ്മരിച്ച് സംവിധായകന്‍ ഡോ.ബിജു. തന്‍റെ ആദ്യസിനിമയിലെ നായകനായിരുന്നു വേണുവെന്നും നെടുമുടി വേണു അഭിനയിച്ച അവസാന ചിത്രം തന്‍റെയൊപ്പമായിരുന്നുവെന്നും ബിജു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഏതാണ്ട് പത്തു ദിവസത്തിനു മുൻപും വേണുവേട്ടൻ വിളിച്ചിരുന്നു. ഓറഞ്ചു മരങ്ങളുടെ വീട് ഫെസ്റ്റിവലുകളിൽ എങ്ങനെ പോകുന്നു, സംസ്ഥാന ദേശീയ അവാർഡുകൾക്കൊക്കെ അയച്ചിരുന്നോ എന്നൊക്കെയുള്ള അന്വേഷണങ്ങൾ, വേണുവേട്ടൻ ഇതുവരെ സിനിമ കണ്ടില്ലല്ലോ ഓൺലൈൻ ലിങ്ക് തരട്ടെ എന്നു പറഞ്ഞപ്പോൾ വേണ്ട തിയറ്റർ ഒക്കെ തുറന്നിട്ടു നമുക്ക് ഒരു തിയറ്റർ വാടകയ്ക്ക് എടുത്തു ഒന്നിച്ചിരുന്നു കാണാം എന്നായിരുന്നു മറുപടി ..ആ വാക്ക് പാലിക്കാതെ വേണുവേട്ടൻ പോയി.

Full View

2000 ൽ ആണ് വേണുവേട്ടനെ ആദ്യമായി കാണുന്നത്. യാതൊരു പരിചയവും ഇല്ലാതെ വീട്ടിലെത്തി സൈറയുടെ സ്‌ക്രിപ്റ്റ് വായിക്കാൻ കൊടുക്കുന്നു . ഒരാഴ്ച്ച കഴിഞ്ഞു വീണ്ടും വീട്ടിൽ ചെന്നു കണ്ടപ്പോൾ വേണുവേട്ടൻ പറഞ്ഞു . എനിക്ക് സ്‌ക്രിപ്റ്റ് ഇഷ്ടമായി നമുക്കിത് ചെയ്യാം. സൈറ സിനിമ ആകുന്നത് 2005 ൽ ആണ്. ആ അഞ്ചു കൊല്ലവും വേണുവേട്ടൻ കൂടെ ഉണ്ട് എന്നതായിരുന്നു ആ സിനിമ ചെയ്യാൻ നൽകിയ ആത്മ ധൈര്യം..

പിന്നീട് വേണുവേട്ടൻ നായകൻ ആയ ആകാശത്തിന്‍റെ നിറം. ആൻഡമാനിലെ ഒരു ചെറിയ ദ്വീപിൽ 23 ദിവസത്തെ ചിത്രീകരണം. എല്ലാ ദിവസവും വൈകിട്ട് വേണുവേട്ടനും ഇന്ദ്രജിത്തും സി .ജെ .കുട്ടപ്പൻ ചേട്ടനും പട്ടണം റഷീദിക്കയും നിർമാതാവ് അമ്പലക്കര അനിൽ സാറും ചേർന്ന് പാട്ടും താളവും നിറഞ്ഞ ആഹ്ലാദപൂർണ്ണമായ 23 ദിവസങ്ങൾ. പിന്നീട് പേരറിയാത്തവർ , വലിയ ചിറകുള്ള പക്ഷികൾ. ഒടുവിൽ 2020ൽ ഓറഞ്ച് മരങ്ങളുടെ വീട് ...അഞ്ചു സിനിമകളാണ് ഒന്നിച്ചു ചെയ്തത്. എന്‍റെ ആദ്യ സിനിമയിലെ നായകൻ ആയിരുന്നു വേണുവേട്ടൻ. വേണുവേട്ടൻ നായകനായി അഭിനയിച്ച അവസാന സിനിമയും എന്‍റെ ഒപ്പം..ആദ്യ സിനിമയ്ക്കും അവസാന സിനിമയ്ക്കും വേണുവേട്ടൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ല.....ഇഷ്ടപ്പെട്ട ഓരോരുത്തരായി പിൻവാങ്ങുക ആണ്....

Tags:    
News Summary - director dr biju remembering actor nedumudi venu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.